കബീര്‍ ബാഖവിയും നവാസ് മന്നാനിയും പ്രഭാഷണം നടത്തും
Thursday, March 17, 2016 6:59 AM IST
മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ഗുദൈബിയ ഏരിയ കമ്മിറ്റിയുടെ കീഴില്‍ സംഘടിപ്പിക്കുന്ന നാലാം വാര്‍ഷിക ചതുര്‍ദിന പ്രഭാഷണ പരമ്പര മാര്‍ച്ച് 18 മുതല്‍ (വെള്ളി) മുതല്‍ ആരംഭിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

ഈ വര്‍ഷം നാലു ദിവസങ്ങളിലായാണ് പ്രഭാഷണപരമ്പര സംഘടിപ്പിക്കുന്നത്. പ്രമുഖ വാഗ്മികളും യുവ പണ്ഡിതരുമായ ഹാഫിള് അഹ്മദ് കബീര്‍ ബാഖവിയും നവാസ് മന്നാനിയുമാണു പ്രഭാഷണ പരമ്പരയില്‍ വിഷയാവതരണം നടത്താനെത്തുന്നത്.

ഇസ്ലാം സത്യത്തിന്റെ മതം എന്ന പൊതു പ്രമേയത്തില്‍ മാര്‍ച്ച് 18, 19, 20, 21 തീയതികളിലായി നടക്കുന്ന പ്രഭാഷണ പരമ്പരയുടെ വേദികള്‍ മനാമയിലെ പാക്കിസ്ഥാന്‍ ക്ളബിലും കേരളീയ സമാജത്തിലുമായാണ് ഒരുക്കിയിരിക്കുന്നത്.

പരിപാടിയുടെ ആദ്യദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളില്‍ രാത്രി എട്ടിന് ഉസ്താദ് നവാസ് മന്നാനിയുടെ പ്രഭാഷണം മനാമ പാക്കിസ്ഥാന്‍ ക്ളബിലും ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ രാത്രി എട്ടിനു ഹാഫിള് അഹ്മദ് കബീര്‍ ബാഖവിയുടെ പ്രഭാഷണം കേരള സമാജത്തിലുമായാണു സംഘടിപ്പിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേകം സംവിധാനം ഒരുക്കിയിട്ടുണ്െടന്നു ഭാരവാഹികള്‍ പറഞ്ഞു.

ബഹറിന്‍ ഇസ്ലാമിക നീതിന്യായ മതകാര്യ വകുപ്പു മേധാവി ഹിസ് ഹൈനസ് ഷെയ്ഖ് അബ്ദുള്ള ബിന്‍ ഖാലിദ് അല്‍ ഖലിഫയുടെ നേതൃത്വത്തിലാണു പ്രഭാഷണപരമ്പര ഒരുക്കിയിരിക്കുന്നതെന്നും ഇസ്ലാമിക നീതിന്യായ വകുപ്പ് മേധാവി ഹിസ് എക്സെലന്‍സി ഷെയ്ഖ് അഹമദ് അല്‍ ഖലിഫ ഉദ്ഘാടന ചടങ്ങില്‍ വിശിഷ്ടാഥിതിയായി പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. മനാമ ഗവര്‍ണര്‍ ഹിഷാം ബിന്‍ അബ്ദുല്‍ റഹ്മാന്‍ അഹമദ് അല്‍ ഖലിഫ, ബഹറിന്‍ പാര്‍ലമെന്റ് അംഗം ആദില്‍ അല്‍ അസൂമി തുടങ്ങി സ്വദേശി പ്രമുഖരും പണ്ഡിതരും ചടങ്ങില്‍ സംബന്ധിക്കും.

പരിപാടിയുടെ വിജയത്തിനുവേണ്ടി സമസ്ത ബഹറിന്‍ കേന്ദ്ര പ്രസിഡന്റ് സയിദ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍, ഏരിയ പ്രസിഡന്റ് അന്‍സാര്‍ അന്‍വരി കൊല്ലം എന്നിവര്‍ മുഖ്യ രക്ഷാധികാരികളായും ഹാരിസ് കണ്ണൂര്‍ ചെയര്‍മാനും പി.കെ.ഷാനവാസ് കണ്‍വീനറുമായി വിപുലമായ സ്വാഗത സംഘവും രൂപീകരിച്ചിട്ടുണ്ട്. വിവരങ്ങള്‍ക്ക്: 0097339474715, 39234072, 33772792.

പത്രസമ്മേളനത്തില്‍ സമസ്ത ബഹറിന്‍ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സയിദ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍, അഷ്റഫ് കാട്ടീല്‍ പീടിക, പി.കെ. ഷാനവാസ്, അബ്ദുറഹ്മാന്‍ മാട്ടൂല്‍, ഷാഫി പാറക്കട്ട, അബ്ദുറഹ്മാന്‍ ഹാജി, അബ്ദുള്‍ റസാഖ് നദ് വിഹാരിസ് മാട്ടൂല്‍, ശിഹാബ് അറഫ, സനാഫ് റഹ്മാന്‍ എടപ്പാള്‍, മുഹമ്മദ് ഹനീഫ, സയിദ് ഇരിങ്ങല്‍ എന്നിവര്‍ സംബന്ധിച്ചു.