വേദിക് മെലഡീസുമായി ശ്രുതിലയ ജയരാജ്
Monday, March 14, 2016 4:56 AM IST
ഷിക്കാഗോ: എണ്‍പതുകളില്‍ സ്കൂള്‍ കോളേജ് യുവജനോത്സവങ്ങളില്‍ സമ്മാനങ്ങള്‍ വാരിക്കുട്ടിയ സംഗീത പ്രതിഭയായ ജയരാജ് നാരായണന്‍ വേദിക് മെലഡീസ് എന്നപേരില്‍ സംസ്കൃത ഓഡിയോ പ്രൊജക്റ്റ് ഒരുക്കുന്നു. വേദങ്ങളെയും ഉപനിഷത്തുകളെയും സംഗീത സമന്വയത്തിലൂടെ അവതരിപ്പിക്കുകയാണ് ലക്ഷ്യം. ഭാരതത്തിലെതന്നെ പ്രശസ്തരും അനുഗൃഹീതരുമായ ഒട്ടേറെ ഗായകരെ പങ്കെടുപ്പിച്ചുകൊണ്ടാണു വേദിക് മെലഡീസ് യാഥാര്‍ത്ഥ്യമാകുന്നത്.

പൌരാണിക ഭാരതസംസ്കാരത്തിന്റെ ആധാരങ്ങളായ ഋഗ്, യജൂര്‍, സാമ, അഥര്‍വ വേദങ്ങളുടെ അന്തഃസത്ത മായമില്ലാതെ യുവതലമുറയിലേക്കും ഭാവി തലമുറയിലേക്കും സംഗീതാത്മക ലോകത്തിലൂടെ എത്തിക്കുക എന്നതാണു താന്‍ ഉദ്ദേശിക്കുന്നതെന്ന് ജയരാജ് പറയുന്നു.
പ്രശസ്ത ഗായിക പി. ലീലയുടെ ഗുരുനാഥന്‍കൂടിയായ തൃപ്പുണിത്തുറ മണി ഭാഗവതര്‍, ആര്‍എല്‍വി മ്യൂസിക് കോളേജ് പ്രിന്‍സിപ്പല്‍ ലളിത, വിനയചന്ദ്രന്‍, എസ്.കെ. സുബ്രഹ്മണ്യം എന്നീ ഗുരുനാഥന്മാരുടെ ശിക്ഷണത്തില്‍ ഒന്നരപ്പതിറ്റാണ്േടാളം കര്‍ണാടക സംഗീതം ചിട്ടയായി പഠിച്ച ജയരാജ് സ്കൂള്‍ കോളേജ് തല യുവജനോത്സവങ്ങളില്‍ നിറസാന്നിധ്യമായിരുന്നു. യൂണിവേഴ്സിറ്റി തലത്തില്‍ ഓള്‍ ഇന്ത്യ യൂത്ത് ഫെസ്റിവലില്‍ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്. ദേവരാജന്‍ മാഷ്, മാധുരി എന്നിവര്‍ക്കൊപ്പം മഹാത്മാഗാന്ധി സര്‍വകലാശാല ക്വയര്‍ ടീമിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജോലിക്കായി അമേരിക്കയില്‍ എത്തിയെങ്കിലും തന്റെ സംഗീതസപര്യ തുടര്‍ന്നു കൊണ്ടുപോകാന്‍ ജയരാജിനു കഴിഞ്ഞു. ശ്രുതിലയ എന്ന പേരില്‍ സംഗീതസംഘം രൂപീകരിച്ച ജയരാജ് അമേരിക്കയിലെ മലയാളി, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷക്കാര്‍ക്കെല്ലാം പ്രിയഗായകനാണിപ്പോള്‍.

അമേരിക്കയിലെ പ്രമുഖ കലാ-സാംസ്കാരിക സംഘടനകള്‍ ഒട്ടുമിക്ക വേദികളിലും ഈ കലാകാരനെ കണ്ടുകഴിഞ്ഞു. കെഎച്ച്എന്‍എ കണ്‍വന്‍ഷന്‍, നായര്‍ സംഗമം, ഫൊക്കാന, ഷിക്കാഗോ ഹിന്ദു ടെമ്പിള്‍, ബാലാജി ടെമ്പിള്‍ , സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച്, ക്നാനായ ചര്‍ച്ച്, മിഡ് വെസ്റ് മലയാളി അസോസിയേഷന്‍ തുടങ്ങിയ പ്രമുഖ സംഘടനകളുടെ വാര്‍ഷിക സമ്മേളനങ്ങളില്‍ ജയരാജിന്റെ സ്വരമാധുരി ഒഴുകി. പഞ്ചാദ്രീശ്വരി മംഗളം, ഹരിവരാസനം, എന്നി ചരിതങ്ങള്‍ ഈ ഗായകന്റെ നാദത്തില്‍ പുറത്തുവന്നപ്പോള്‍ അത് അമേരിക്കയില്‍ ഉടനീളം ഒട്ടനവധി പ്രശംസ പിടിച്ചുപറ്റി. ശ്രുതിലയ ജയരാജ് എന്നുപറഞ്ഞാല്‍ അറിയാത്ത സംഗീതപ്രിയര്‍ അമേരിക്കയിലില്ലെന്ന് പറയാം.

എറണാകുളം ഇരുമ്പനം നങ്ങ്യാരത്ത് മഠത്തില്‍ എന്‍. നാരായണന്‍കുട്ടിയുടെയും ശാന്താകുമാരിയുടെയും മകനായ ജയരാജ് ഇപ്പോള്‍ ഷിക്കാഗോയിലാണു സ്ഥിരതാമസം. അമേരിക്കന്‍ ബിസിനസ് സംരംഭങ്ങളെ ആഗോളവത്കരിക്കുന്ന ഇന്റര്‍നാഷണല്‍ ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടര്‍ ആയി ജോലി ചെയുന്നു.

റിപ്പോര്‍ട്ട്: പി. ശ്രീകുമാര്‍