സുരാജ് വെഞ്ഞാറമൂട് ഫോമ കണ്‍വന്‍ഷനില്‍
Saturday, March 12, 2016 5:17 AM IST
ഫ്ളോറിഡ: മലയാളിയുടെ സ്വന്തം സുരാജ് ഫോമയുടെ ഫ്ലോറിഡ കണ്‍വന്‍ഷനില്‍ പങ്കെടുക്കുമെന്ന് ഫോമ ജനറല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാത്യു വര്‍ഗീസ് അറിയിച്ചു.

അമേരിക്കന്‍ മലയാളികളുടെ കലാ വേദികളെ സജീവമാക്കിയ സുരാജിന്റെ സാന്നിധ്യം ഫോമായുടെ കണ്‍വന്‍ഷന്റെ കലാ വേദിയേയും സജീവമാക്കും. മലയാള ചലചിത്ര രംഗത്തെ പ്രഗത്ഭനായ അഭിനേതാവാണ് സുരാജ് വെഞ്ഞാറമൂട്. ആദ്യ കാലങ്ങളില്‍ ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിച്ച സുരാജ് പിന്നീട് ചലചിത്രങ്ങളില്‍ മികച്ച ഹാസ്യ വേഷങ്ങള്‍ ചെയ്ത് ശ്രദ്ധേയനായി. മിമിക്രിയിലൂടെയാണ് ഇദ്ദേഹം സിനിമയിലേക്ക് കടക്കുന്നത്. 2013ലെ മികച്ച നടനുള്ള ദേശിയ ചലചിത്ര അവാര്‍ഡ് ലഭിച്ചു. തിരുവനന്തപുരം ഗ്രാമ്യഭാഷയുടെ പ്രത്യേകതകള്‍ ചലചിത്രത്തില്‍ വരുത്തികൊണ്ടാണ് സുരാജ് ശ്രദ്ധേയനായത്.

ഈ അനുഗ്രഹീത നടന്റെ സാന്നിധ്യം ഫ്ളോറിഡ കണ്‍വന്‍ഷന്റെ മുഖച്ഛായ മാറ്റിമറിക്കുമെന്നതില്‍ സംശയമില്ല. തന്നെയുമല്ല കണ്‍വന്‍ഷനില്‍ എത്തുന്ന പ്രവര്‍ത്തകര്‍ക്ക് അദ്ദേഹത്തിന്റെ സാന്നിധ്യം ഉന്മേഷവും നല്‍കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന് ഫോമ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, ട്രഷറര്‍ ജോയ് ആന്റണി എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്