മെത്രാന്‍ കായല്‍ എന്ന സെമിനാരി കായല്‍
Friday, March 11, 2016 8:43 AM IST
ന്യൂയോര്‍ക്ക്: പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് ഒന്നാമന്‍ മെത്രപ്പോലീത്തായുടെ കാലത്ത് ശ്രീമൂലം തിരുനാള്‍ രാജാവ് മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് നല്‍കിയ വയല്‍ പ്രദേശമാണ് ഇന്നു വിവാദ ത്തിലായിരിക്കുന്ന മെത്രാന്‍ കായല്‍ എന്നറിയപ്പെടുന്ന സെമിനാരി കായല്‍. വട്ടശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് തിരുമേനിയുടെ കാലത്ത് ഈ പ്രദേശം കൃഷി ചെയ്യുവാനായി സമീപത്തു താമസിച്ചിരുന്ന ചില ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ക്കും ഒരു ഹിന്ദു കുടുംബത്തിനും പാട്ടത്തിനു നല്കിയിരുന്നു. ഏകദേശം 10,500ളം കിന്റല്‍ അരി ഓരോ വര്‍ഷവും ഈ വയലില്‍നിന്ന് കൃഷി ചെയ്തിരുന്നു. പാട്ട വ്യവസ്ഥപ്രകാരം ഓരോ വര്‍ഷവും കൃഷിയില്‍നിന്നു ലഭിക്കുന്ന അരി കോട്ടയം വൈദിക സെമിനാരിക്കു നല്‍കണം.

പില്‍ക്കാലത്ത് ഈ നിലം തിരിച്ചു നല്‍കണമെന്നു മലങ്കര ഓര്‍ത്തഡോക്സ് സഭ പാട്ടക്കാരോട് ആവശ്യപ്പെട്ടപ്പോള്‍ കൈവശം വച്ച് കൃഷി ചെയ്തിരുന്ന സഭാ വിശ്വാസികള്‍ അതിനു തയാറായില്ല എന്നതാണു ചരിത്രം. എന്നാല്‍, ഹിന്ദു കുടുംബം തിരിച്ചു നല്കാന്‍ തയാറായി മുന്നോട്ടു വന്നിരുന്നു എന്നതും ചരിത്രം. പില്‍ക്കാലത്ത് ഈ 417 ഏക്കര്‍ സ്വകാര്യ വ്യക്തികള്‍ കൈവശം വച്ചനുഭവിച്ചുകൊണ്ട് 2016 വരെയും കൃഷി ചെയ്തിരുന്നു. കാലം മാറി, അധികാരികള്‍ മാറി. ഇതിനെക്കുറിച്ച് വ്യക്തമായി അറിയാവുന്നവര്‍ മൌനം നടിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സഭയെ സംബന്ധിച്ചിടത്തോളം ആരും ചോദിക്കാനില്ല എന്ന അവസ്ഥ സംജാതമായി. കൃഷിയില്‍നിന്നു ലഭിക്കുന്ന ആദായം കോട്ടയം വൈദിക സെമിനാരിക്കു നല്‍കണം എന്ന വ്യവസ്ഥ അധികാരികള്‍ കണ്ടില്ലെന്ന് നടിച്ചു. ആര്‍ക്കൊക്കെയാണ് പാട്ടത്തിനു നല്കിയത് എന്നതും എന്നുവരെ കൃഷിയില്‍നിന്നുള്ള ആദായം കോട്ടയം വൈദിക സെമിനാരിക്കു നല്‍കിയിരുന്നു എന്നതിനും വ്യക്തമായ രേഖകള്‍ ദേവലോകം അരമന ലൈബ്രറി ആര്‍ക്കൈവ്സിലും പഴയ സെമിനാരിയിലും ഉണ്ട്.

ഇന്നു മെത്രാന്‍ കായലില്‍ നിലം നികത്തി സ്വകാര്യ ടൂറിസം പദ്ധതി നടപ്പാക്കുന്നതിനാണ് നീക്കം. 2007നു മുമ്പ് ഇവിടെ കൃഷിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണു നിലം നികത്തിലിനു കേരള സര്‍ക്കാര്‍ അനുമതി നല്‍കിയത്. തണ്ണീര്‍ത്തട സംരക്ഷണ നിയമം കാറ്റില്‍ പറത്തിക്കൊണ്ടാണു റവന്യൂ വകുപ്പ് നിലം നികത്തലിനു അംഗീകാരം നല്‍കിയതെന്നാണ് കേള്‍ക്കുന്നത്. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമമനുസരിച്ച് പൊതു ആവശ്യങ്ങള്‍ക്കായി മാത്രമാണ് വയലുകളോ നീര്‍ത്തടങ്ങളോ നികത്താന്‍ സര്‍ക്കാരിന് ഉത്തരവിടാന്‍ സാധിക്കുകയുള്ളൂ. ഇതു മറികടന്നാണ് ഇന്നു കൈവശം വച്ചിരിക്കുന്നു എന്നവകാശപ്പെടുന്ന ചിലരുടെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി നിലം നികത്തുന്നതിനു സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതിന്റെ യഥാര്‍ഥ അവകാശി മലങ്കര ഓര്‍ത്തഡോക്സ് സഭയാണ് എന്നത് അധികാരികളും രാഷ്ട്രീയക്കാരും സൌകര്യപൂര്‍വം മറക്കുന്നു.

'തരിശു രഹിത കുട്ടനാട്' എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കൊണ്ട് മെത്രാന്‍ കായലില്‍ കൃഷി ചെയ്യുന്നതിനുള്ള അവകാശം അതിന്റെ യാഥാര്‍ഥ ഉടമയായ മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് തിരിച്ചു നല്‍കാന്‍ കേരള സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് സഭാവിശ്വാസികളുടെ ആവശ്യം.