എന്‍ആര്‍ഐ ഗ്രാമസഭകള്‍ കേരള സര്‍ക്കാരിന്റെ വലിയ നേട്ടം: സി.പി. ജോണ്‍
Tuesday, March 8, 2016 8:17 AM IST
ദുബായി: വാര്‍ഡുകളിലെ ഗ്രാമസഭകളെപോലെ വിദേശ മലയാളികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹരിക്കുന്നതിനും രൂപീകരിച്ച എന്‍ആര്‍ഐ ഗ്രാമ സഭകള്‍ സര്‍ക്കാരിന്റെ വലിയ നേട്ടമാണെന്നും പ്രവാസികള്‍ ഈ ആനുകൂല്യം ഉപയോഗപ്പെടുത്തുന്നതിനു പഞ്ചായത്തു തലത്തില്‍ രജിസ്റര്‍ ചെയ്യണമെന്ന് പ്ളാനിംഗ് ബോര്‍ഡ് അംഗവും സിഎംപി സംസ്ഥാന സെക്രട്ടറിയുമായ സി.പി. ജോണ്‍. തൃശൂര്‍ സര്‍ഗധാര സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സദസുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ സേവനങ്ങള്‍ക്കു റേഷന്‍ കാര്‍ഡ് ഹാജരാക്കുന്നതിനുപകരം പ്രവാസികള്‍ക്ക് വീസയുള്ള പാസ്പോര്‍ട്ട് ഹജരാക്കുന്നതിനും ഇവിടെ മരണപ്പെടുന്നവരുടെ മൃതദേഹം സൌജന്യമായി നാട്ടിലെത്തിക്കുന്നതിനും പ്രവാസികളെ ചൂഷണം ചെയ്യുന്ന സ്വകാര്യ ബാങ്കുകളെ നിയന്ത്രിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ യുഡിഎഫ് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും ഐക്യ ജനാധിപത്യ മുന്നണി പ്രകടന പത്രിക കമ്മിറ്റി മെംബര്‍ കൂടിയായ അദ്ദേഹം പറഞ്ഞു.

ടൂറിസത്തിലും ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലും നിലവിലുള്ള സര്‍ക്കാര്‍ വലിയ വിപ്ളവമാണ് ഈ അഞ്ചു വര്‍ഷം നടത്തിയത്. വിദ്യാഭ്യാസത്തെയും ആരോഗ്യ പരിരക്ഷയേയും ലോകനിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പദ്ധതികളാണ് ഇപ്പോള്‍ നടപ്പിലാക്കികൊണ്ടിരിക്കുന്നത്. അതിനു ഭരണ തുടര്‍ച്ച ഉണ്ടാവണമെന്നും പ്രവാസികളോടൊപ്പം കേരളത്തിലെ ജനങ്ങളും അതാണ് ആഗ്രഹിക്കുന്നതെന്നും സി.പി. ജോണ്‍ വ്യക്തമാക്കി.

എല്ലാ ജനാധിപത്യവാദികളും നില്‍ക്കേണ്ടതു ന്യൂനപക്ഷത്തിന്റെ കൂടെയാണ്. ന്യൂനപക്ഷ അഭിവൃദ്ധിയാണ് നല്ല രാജ്യത്തിന്റെ ലക്ഷണം. എന്നാല്‍, രാജ്യത്ത് അസഹിഷ്ണുത വളര്‍ന്നുവരികയും അതിനു ഭരണകൂടംതന്നെ പ്രോത്സാഹനം നല്‍കുകയും ചെയ്യുന്ന അവസ്ഥയാണ്. കേരളം ഇതില്‍നിന്നു വ്യത്യസ്തമായി വികസന അജന്‍ഡയുമായി മുന്നോട്ടു പോകുന്നു. ദാരിദ്യ്രം അനുഭവിക്കുന്നവരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടം ഇടതുപക്ഷം ഉപേക്ഷിച്ചെന്നു ഉദാഹരണ സഹിതം സി.പി. ജോണ്‍ ചൂണ്ടിക്കാട്ടി.

ദാരിദ്യ്രംകൊണ്ട് പ്രയാസമനുഭവിക്കുന്ന വിധവകള്‍ക്കു പെന്‍ഷന്‍ തുക വര്‍ധിപ്പികുകയും ഭര്‍ത്താവിനാല്‍ ഉപെഷിക്കപ്പെട്ടവര്‍ക്ക് മക്കളുണ്െടങ്കിലും പെന്‍ഷന്‍ നല്‍കാന്‍ കോടിക്കണക്കിനു രൂപ ചെലവാക്കി സ്ത്രീകളെ ശാക്തീകരിക്കാന്‍ മുന്നോട്ടുവന്ന സര്‍ക്കാരാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.

പരിപാടി ഇബ്രാഹിം മുറിചാണ്ടി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് വെട്ടുകാട് അധ്യക്ഷത വഹിച്ച യോഗത്തില്‍ അഷ്റഫ് കൊടുങ്ങല്ലൂര്‍ സി.പി. ജോണിനെ പൊന്നാട അണിയിച്ചു സ്വീകരിച്ചു. ഉസ്മാന്‍ പി. തലശേരി, ഉബൈദ് ചേറ്റുവ, ജമാല്‍ മനയത്ത്, പി.എ. ഫാറൂക്ക് എന്നിവര്‍ പ്രസംഗിച്ചു. അഷ്റഫ് പിള്ളക്കാട്, ആര്‍.വി. മുസ്തഫ, വി.കെ. അലവി ഹാജി, കെ.എസ.് നഹാസ്, ഉമ്മര്‍ മണലാടി, ഗഫൂര്‍ പട്ടിക്കര, പി.എ. നൌഫല്‍, സമദ് ചാമക്കാല എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കെ.എസ് ഷാനവാസ്, അലി അകലാട് എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍