കേഫാക്ക് അന്തര്‍ ജില്ല ഫുട്ബാള്‍ ടൂര്‍ണമെന്റ് ഏപ്രില്‍ എട്ടിനു തുടങ്ങും
Tuesday, March 8, 2016 4:55 AM IST
കുവൈത്ത്: കുവൈത്തിലെ മലയാളി ഫുട്ബാള്‍ ക്ളബ്ബുകളുടെ കൂട്ടായ്മയായ കേരള ഏക്സ്പ്പാറ്റ് ഫുട്ബാള്‍ അസോസിയേഷന്‍ ജില്ലാ ടൂര്‍ണമെന്റ് നടത്തുന്നു. കുവൈത്തിലെ മുഴുവന്‍ ജില്ലാ അസോസിയേഷനുകളെയും ഉള്‍പ്പെടുത്തികൊണ്ട് കേഫാക് അന്തര്‍ജില്ല ഫുട്ബാള്‍ ടൂര്‍ണമെന്റ് ഏപ്രില്‍ എട്ടിനു മിശ്രഫ് പബ്ളിക് അതോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കും. ഫുട്ബാളിനെ ആവേശപൂര്‍വം എന്നും നെഞ്ചിലേറ്റിയിറ്റുള്ള മലയാളികള്‍ക്ക് സോക്കറിന്റെ സുന്ദര നിമിഷങ്ങള്‍ സമ്മാനിക്കുവാന്‍ കേഫാകില്‍ അഫിലിയേറ്റു ചെയ്തിട്ടുള്ള 18 ടീമുകളില്‍ നിന്നായി നാനൂറില്‍ പരം ഫുട്ബാള്‍ താരങ്ങള്‍ വിവധ ജില്ലകള്‍ക്കായി അണിനിരക്കും. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങിയ ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ രണ്ടു ഗ്രൂപ്പുകളായി പരസ്പരം മാറ്റുരക്കുന്ന ലീഗ് അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് .

കഴിഞ്ഞ നാലു സീസണുകളിലായി വിവധങ്ങളായ ടൂര്‍ണമെന്റുകളും ലീഗുകളും കേഫാക്കിന്‍റെ നേതൃത്വത്തില്‍ നടത്തിയിട്ടുണ്ട്. ആറു മാസങ്ങള്‍ക്കു മുമ്പ് ആരംഭിച്ച കേഫാക് ഗ്രാന്റ് ഹൈപ്പര്‍ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് പ്രവേശിക്കുകയാണ്. കേഫാക്കിന്‍റെ സഹകരണത്തോടെ വിവധ ടീമുകളുടെ നേത്രുത്വത്തില്‍ നടന്ന സെവന്‍സ് ടൂര്‍ണമെന്റുകള്‍, കോച്ചിംഗ് ക്യാമ്പുകള്‍, റഫറിയിംഗ് പാനല്‍, മാസ്റ്റേര്‍സ് കപ്പ് തുടങ്ങിയവ ശ്രദ്ധേയങ്ങളായ സംരഭമായിരുന്നു. ഇന്ത്യയിലെ പ്രാധാനപ്പെട്ട ക്ളബ്ബുകളായ സെസ ഗോവ , മുംബൈ എഫ്സി, എഫ്.സി കൊച്ചിന്‍ , വിവ കേരള , ടൈറ്റാനിയം, സെന്‍ട്രല്‍ എക്സൈസ് , എസ്.ബി.റ്റി തുടങ്ങിയ ടീമുകളിലും കേരളത്തിലെ പ്രധാനപ്പെട്ട സെവന്‍സ് മൈതാനങ്ങളിലും തിളങ്ങിയ ഒട്ടേറെ താരങ്ങള്‍ അണിനിരക്കുന്ന കേഫാക് അന്തര്‍ ജില്ല ഫുട്ബാള്‍ ടൂര്‍ണമെന്റ് പൊടിപാറുമെന്നാണ് കരുതുന്നത് . ഏപ്രില്‍ 8, വെള്ളിയാഴ്ച വൈകീട്ട് 3:30-നു നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കുവൈത്തിലെ വിവിധ ജില്ലാ അസോസിയേഷന്‍ പ്രതിനിധികള്‍ , സാസ്മ്കാരിക പ്രവര്‍ത്തകര്‍, പ്രമുഖ മലയാളി ബിസിനസുകാര്‍, എംബസി പ്രതിനിധികള്‍ എന്നീവര്‍ പങ്കെടുക്കും.

ഫര്‍വാനിയ വിന്നേര്‍സ് ഹോട്ടലില്‍ വെച്ച് നടന്ന പത്രസമ്മേളനത്തില്‍ കേഫാക് വൈസ് പ്രസിഡണ്ട് ഷബീര്‍ കളത്തില്‍, ജനറല്‍സെക്രട്ടറി ഗുലാം മുസ്തഫ, ട്രഷറര്‍ ഒ.കെ. അബ്ദുല്‍ റസാഖ് ,വൈസ് പ്രസിസിഡണ്ട് റോബര്‍ട്ട്, മീഡിയ സെക്രട്ടറി ഫൈസല്‍, സെക്രട്ടറി പ്രദീപ് കുമാര്‍, സ്പോര്‍ട്സ് സെക്രട്ടറി സഫര്‍ എന്നീവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍