ജൈവകൃഷിത്തോട്ടം: മാര്‍ത്തോമ്മാ യുവജനസഖ്യത്തിനു ഫുഡ് കണ്‍ട്രോള്‍ അഥോറിറ്റി സ്ഥലം അനുവദിച്ചു
Monday, March 7, 2016 5:20 AM IST
അബുദാബി : മരുഭൂമിയില്‍ ജൈവകൃഷിയുടെ പുതിയ സാദ്ധ്യതകള്‍ കണ്െടത്താന്‍ ഫുഡ് കണ്‍ട്രോള്‍ അഥോറിറ്റിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിന് അബുദാബി മാര്‍ത്തോമ്മാ യുവജനസഖ്യത്തിന് 25 സെന്റ് സ്ഥലം അനുവദിച്ചു. ഹരിത സ്വപ്നങ്ങളുമായി യുവ കര്‍ഷകസംഘം ബനിയാസിലെ റിസേര്‍ച്ച് സെന്ററില്‍ ഒരുക്കിയ കൃഷിഭൂമിയില്‍ പച്ചക്കറി സസ്യങ്ങളുടെ ആദ്യ വിത്തെറിഞ്ഞു. ചീര ,വെണ്ട, പാവല്‍ , വെള്ളരി , പയര്‍ എന്നിവയുടെ വിത്തുകള്‍ പാകുകയും ,പച്ചമുളക് , കറിവേപ്പില ,മാവ് ,വഴുതനങ്ങ എന്നിവയുടെ തൈകളും കപ്പ, മുരിങ്ങ എന്നിവയുടെ തണ്ടുകളും വെച്ചുപിടിപ്പിച്ചു.

സഖ്യം പ്രസിഡന്റ് റവ.പ്രകാശ് എബ്രഹാം ആദ്യ തൈകള്‍ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. സഹ വികാരി റവ. ഐസക്ക് മാത്യു , കൃഷി വിദഗ്ദന്‍ വിനോദ് നമ്പ്യാര്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സെന്‍ ഈപ്പന്‍, സെക്രട്ടറി സുജിത് വര്‍ഗീസ്, വൈസ് പ്രസിഡന്റ് വില്‍സണ്‍ വര്‍ഗീസ്, ട്രഷറര്‍ ജയന്‍ എബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കി.

ജൈവകൃഷിയുടെ പ്രോത്സാഹനവും ,പരിശീലനവും ലക്ഷ്യമാക്കി യുവജനസഖ്യം ആരംഭിച്ച 'അടുക്കളത്തോട്ടം' പദ്ധതിയുടെ ഭാഗമായി ഇടവകയിലെ വീടുകളിലെ ബാല്‍ക്കണികളില്‍ പച്ചക്കറി കൃഷികള്‍ വ്യാപിപ്പിച്ചു തുടങ്ങിക്കഴിഞ്ഞു. ഏറ്റവും നല്ല കര്‍ഷകര്‍ക്ക് അവാര്‍ഡ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. വിഷലിപ്തമായ പച്ചക്കറികളുടെ ഉപയോഗം കുറച്ചു ആരോഗ്യ പൂര്‍ണമായ ജീവിത രീതികളിലേക്ക് മടക്കിക്കൊണ്ടു വരുന്നതിനും പുതിയ തലമുറയെ കൃഷി മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനുമാണു സഖ്യം ലക്ഷ്യമിടുന്നതെന്നു പ്രസിഡന്റ് റവ.പ്രകാശ് എബ്രഹാം പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള