യമനിലെ കൊല: പ്രാര്‍ഥനകളോടെ ഒമാനിലെ വിശ്വാസി സമൂഹവും
Saturday, March 5, 2016 8:37 AM IST
സന: യമനിലെ ഏഡനില്‍ വെള്ളിയാഴ്ച മദര്‍ തെരേസയുടെ അഗതികളുടെ സഹോദരികള്‍ നടത്തുന്ന വൃദ്ധസദനത്തിനുനേരെ നടന്ന ആക്രമണത്തിന്റെ ഞെട്ടലില്‍ ഒമാനിലെ വിശ്വാസി സമൂഹവും.

ഒമാനിലെ സലാല യെമനുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണ്. അയല്‍ രാജ്യമെന്ന നിലയില്‍ നൂറുകണക്കിനാളുകളെയാണ് യുദ്ധ ഭൂമിയില്‍ നിന്നും ഒമാനില്‍ ചികിത്സക്ക് കൊണ്ടുവരുന്നത്.

നാട്ടുകാരായ ജോലിക്കാര്‍ ഉള്‍പെടെ 16 പേരെയാണ് വെള്ളിയാഴ്ച കൈകള്‍ ബന്ധിച്ചതിനുശേഷം തീവ്രവാദികള്‍ തലയ്ക്കു വെടിവച്ചു കൊന്നത്. ഇതില്‍ ഒരു ഇന്ത്യക്കാരി ഉള്‍പ്പെടെ നാലു കന്യാസ്ത്രീകളും ഉള്‍പ്പെടുന്നു. സലേഷ്യന്‍ സഭാംഗമായ പാലാ രാമപുരം സ്വദേശി ഫാ.ടോം ഉഴുന്നാലിയെ തട്ടിക്കൊണ്ടുപോയി. ദക്ഷിണ യെമന്‍ നഗരമായ ഏഡനിലെ ഷെയ്ഖ് ഓത്ത്മാന്‍ ജില്ലയിലാണ് അതിദാരുണമായ കൂട്ടക്കൊല നടന്നത്. സംഭവത്തില്‍ ഒമാനിലെ വിവിധ കൂട്ടായ്മകള്‍ പ്രാര്‍ഥനകള്‍ക്ക് ആഹ്വാനം നല്‍കിയിട്ടുണ്ട്.

1998 ലും അഗതികളുടെ സഹോദരികള്‍ പടിഞ്ഞാറെ യെമനില്‍ ആക്രമിക്കപ്പെട്ടു. അന്നു മൂന്നു കന്യാസ്ത്രികളെ ബോസ്നിയന്‍ തീവ്രവാദി കൊലപ്പെടുത്തി.

ഇതിനിടയില്‍ വരും ദിവസങ്ങളില്‍ യെമനില്‍ രൂക്ഷമായ ഭക്ഷ്യ ക്ഷാമം ഉണ്ടാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രശ്ന ബാധിതമായ യെമനിലെ ബാങ്കുകള്‍ ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ സാധനങ്ങള്‍ക്കുള്‍പ്പെടെ കടം കൊടുക്കാത്തതാണ് കാരണം. കൂടാതെ രാജ്യത്തെ തുറമുഖങ്ങള്‍ എല്ലാം തന്നെ പോര്‍മുഖമാണ്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം