ദേശീയ ഐക്യം കാത്തുസൂക്ഷിക്കുക: പ്രധാനമന്ത്രി ശൈഖ് ജാബിര്‍
Sunday, February 28, 2016 6:40 AM IST
കുവൈത്ത് : രാജ്യം എറെ ജാഗ്രതയോടെ പോകേണ്ട സന്ദര്‍ഭത്തില്‍ ബാഹ്യ ഇടപെടലുകള്‍ക്ക് അവസരം നല്‍കാതെ ദേശീയ ഐക്യം കാത്തുസൂക്ഷിക്കാന്‍ ഏവരും ശ്രമിക്കണമെന്നു പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അസബാഹ് ആവശ്യപ്പെട്ട. എണ്ണയുടെ വിലക്കുറവ് കാരണം രൂപപ്പെട്ട പുതിയ സാമ്പത്തിക പ്രതിസന്ധി മേഖലയാകെ ഗ്രസിച്ചിരിക്കുകയാണ്. ശക്തമായ പരിഷ്കരണ പദ്ധതികളിലൂടെ നാം മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. അഭിപ്രായത്തിലും കാഴ്ചപ്പാടിലും നമുക്കിടയില്‍ ഭിന്നിപ്പുണ്ടായേക്കാം. പക്ഷേ, അതൊന്നും മുന്നോട്ടുള്ള ഗമനത്തിനു നമുക്ക് തടസമായിക്കൂടെന്നു വിമോചന ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി ഓര്‍മപ്പെടുത്തി.

അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ജാബിര്‍ അസബാഹിന്റെ ധീരമായ നേതൃത്വം സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും വര്‍ധിച്ചുവരുന്ന സുരക്ഷാപ്രശ്നങ്ങളില്‍നിന്നും കുവൈത്തിനെ മോചിപ്പിക്കുവാന്‍ പ്രാപ്തമാണ്. അയല്‍ രാജ്യങ്ങളുമായി എന്നും അടുപ്പവും നല്ല സുഹൃദ്ബന്ധവും കാത്തുസൂക്ഷിച്ച സംസ്കാരമാണു കുവൈത്തിനുള്ളത്. മേഖലയില്‍ രൂപപ്പെടുന്ന പുതിയ പ്രതിസന്ധികളും പ്രശ്നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടാവുന്നതേയുള്ളൂ. ജിസിസി രാജ്യങ്ങള്‍ തമ്മിലെ പരസ്പരബന്ധം കൂടുതല്‍ ശക്തിപ്പെടുത്തേണ്ട സമയത്ത് ആ നിലക്കുള്ള നീക്കങ്ങള്‍ക്ക് രാജ്യം മുന്‍കൈയെടുക്കും. യമന്‍, സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ അസ്ഥിരമായ സാഹചര്യവും ഇസ്ളാമിക് സ്റേറ്റ് ഉള്‍പ്പെടെ ഭീകരവാദികളുടെ ഭീഷണികളും നേരിടുന്നതില്‍ ജിസിസി എടുക്കുന്ന കൂട്ടായ തീരുമാനങ്ങള്‍ക്കൊപ്പമാണ് കുവൈത്ത് നിലകൊള്ളുമെന്നും ശൈഖ് ജാബിര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍