'പ്രബോധകര്‍ അശ്രദ്ധയും അലസതയും കൈവെടിയുക'
Saturday, February 27, 2016 8:33 AM IST
റിയാദ്: ജീവിത ലക്ഷ്യത്തെകുറിച്ച് പ്രതിപാദിക്കുന്ന വേദസൂക്തങ്ങളെകുറിച്ചും പ്രവാചക വചനങ്ങളെ കുറിച്ചുമുള്ള അറിവു നേടിയവര്‍ അവ അറിവില്ലാത്തവരിലേക്ക് പ്രസരിപ്പിക്കുന്നതില്‍ കാണിക്കുന്ന അശ്രദ്ധയും അലസതയുമാണ് സമൂഹത്തില്‍ വ്യതിയാനങ്ങള്‍ പെരുകുവാനും അതിക്രമങ്ങള്‍ വര്‍ധിക്കുവാനുമുള്ള പ്രധാന കാരണമെന്ന് റിയാദ് നിച്ച് ഓഫ് ട്രൂത്ത് ചെയര്‍മാന്‍ ഇഖ്ബാല്‍ കൊല്ലം അഭിപ്രായപ്പെട്ടു. ബത്ഹ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ 'അശ്രദ്ധ: മനുഷ്യന്റെ നഷ്ട വാതായനം' എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദൈവിക സന്ദേശങ്ങളുടെ അന്തസാരങ്ങള്‍ പരസ്പരം പകര്‍ന്നു നല്‍കുന്നതില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുവാനും ഗുണകാംക്ഷയോടെയുള്ള പ്രബോധന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുവാനും വിശ്വാസികള്‍ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു.

അല്‍റയാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം ആര്‍ഐസിസി ജനറല്‍ കണ്‍വീനര്‍ ഉമര്‍ ഷരീഫ് ഉദ്ഘാടനം ചെയ്തു. ബത്ഹ ഇസ്ലാഹി പ്രസിഡന്റ് ഡോ. സ്വബാഹ് മൌലവി അധ്യക്ഷത വഹിച്ചു. 'നവലോകത്തിനൊരു മാതൃകാ കുടുംബം' എന്ന വിഷയം ശിഫ ജാലിയാത്ത് പ്രബോധകന്‍ മുബാറക് സലഫി അവതരിപ്പിച്ചു. സംഗമത്തോട് അനുബന്ധിച്ചു നടന്ന ക്വിസ് മത്സരത്തിനു മുനീര്‍ പപ്പാട്ട്, ഹാരിസ് തൃശൂര്‍, എ.കെ. അബ്ദുല്‍മജീദ് എന്നിവര്‍ നേതൃത്വം നല്‍കി.

ബത്ഹ ഇസ്ലാഹി സെന്റര്‍ വര്‍ക്കിംഗ് പ്രസിഡന്റ് നൌഷാദ് പെരിങ്ങോട്ടുകര, ശനോജ് അരീക്കോട്, സമീര്‍ കല്ലായി എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു. ഇസ്ലാംഹൌസ്.കോം മലയാളം പ്രതിനിധി ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി, അബ്ദുസലാം മുല്ലശേരി, മഅറൂഫ് കയ്പമംഗലം എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. ആര്‍ഐസിസി ദഅവ വിംഗ് ചെയര്‍മാന്‍ റാഫി സ്വലാഹി, സെക്രട്ടറി ബഷീര്‍ കുപ്പോടാന്‍, ജാഫര്‍ പൊന്നാനി എന്നിവര്‍ പ്രസംഗിച്ചു.