ഖുര്‍ആന്‍ എക്സ്പോ ആരംഭിച്ചു
Friday, February 26, 2016 10:09 AM IST
അബാസിയ (കുവൈത്ത്): വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക് മിഷന്റെ ഭാഗമായി കേരളത്തിലും ഗള്‍ഫ് നാടുകളിലും ഐഎസ്എമ്മിന്റെയും ഇസ്ലാഹി സെന്ററുകളുടെയും ആഭിമുഖ്യത്തില്‍ ഒരുക്കുന്ന 'ഖുര്‍ആന്‍ എക്സ്പോ' (എക്സിബിഷന്‍) അബാസിയ പാക്കിസ്ഥാന്‍ സ്കൂളില്‍ ഇന്ത്യന്‍ എംബസി പ്രസ് ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി എ.കെ. ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു.

ലോകത്ത് എല്ലാ മതങ്ങളും പഠിപ്പിക്കുന്നതു സമാധാനമാണ് എന്നാല്‍ മതത്തിന്റെ പേരില്‍ നടത്തുന്ന തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് മതങ്ങള്‍ ഉത്തരവാദിയല്ല. ഈ ഒരു ഘട്ടത്തില്‍ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തന മണ്ഡലങ്ങളില്‍ കുവൈത്തില്‍ നിറഞ്ഞ നില്‍ക്കുന്ന ഇസ്ലാഹി സെന്റര്‍ ഇസ്ലാമിനെയും ഖുര്‍ആനിനെയും പരിചയപ്പെടുത്തുന്ന ഈ എക്സിബിഷന് എംബസിയുടെ പേരില്‍ എല്ലാ ആശംസകളും നേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കുവൈത്തിലെ ഇന്ത്യന്‍ സമൂഹം അനുഭവിക്കുന്ന എല്ലാവിധ അത്യാഹിത ഘട്ടങ്ങള്‍ക്കും എംബസിയുടെ എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു.

പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. എക്സ്പോയോടനുബന്ധിച്ച് ഇസ്ലാഹി സെന്റര്‍ പുറത്തിറക്കുന്ന ബുള്ളറ്റിന്‍ ജാമിഅ അല്‍ ഹിന്ദ് ഡയറക്ടര്‍ ഫൈസല്‍ മൌലവി പുതുപ്പറമ്പ് പ്രമുഖ പ്രഭാഷകന്‍ അബ്ദുല്‍ മാലിക് സലഫിക്ക് നല്‍കി പ്രകാശനം ചെയ്തു. എംഎസ്എം മുന്‍ സംസ്ഥാന പ്രസിഡന്റ് ത്വല്ഹത്ത് സ്വലാഹി, സി.പി.അബ്ദുല്‍ അസീസ് എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍