വിമാനടിക്കറ്റ് തട്ടിപ്പിനു കാരണം ജനറല്‍ സര്‍വീസുകാരുടെ അനധികൃത കച്ചവടമെന്നു റിപ്പോര്‍ട്ട്
Friday, February 26, 2016 6:10 AM IST
റിയാദ്: അംഗീകൃത ഏജന്‍സികളില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ വളരെ കുറഞ്ഞ നിരക്കില്‍ എയര്‍ടിക്കറ്റ് നല്‍കി യാത്രക്കാരെ ആകര്‍ഷിച്ച് പിന്നീട് പണവുമായി മുങ്ങുന്ന ടിക്കറ്റിംഗ് ഏജന്‍സികള്‍ ബത്ഹയിലും പരിസരങ്ങളിലും പെരുകുന്നതായി പരാതി. ജനറല്‍ സര്‍വീസ് ലൈസന്‍സ് മാത്രമുള്ള സ്ഥാപനങ്ങള്‍ ടിക്കറ്റിംഗ് സ്റ്റാഫിനെ ഉപയോഗിച്ച് അനധികൃതമായി നടത്തുന്ന സ്ഥാപനങ്ങളിലാണ് ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നത്. അയാട്ട ലൈസന്‍സുള്ളതായി ബോര്‍ഡുകള്‍ സ്ഥാപിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് എയര്‍ലൈന്‍ ടിക്കറ്റുകള്‍ ഇഷ്യൂ ചെയ്യാനുള്ള കംപ്യൂട്ടര്‍ സൌകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നത് ചില ജി.ഡി.എസ് (ഗ്ളോബല്‍ ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം) കമ്പനികളുടെ പ്രതിനിധികള്‍ തന്നെയാണത്രെ.

അന്താരാഷ്ട്ര എയര്‍ട്രാവല്‍ അഥോറിറ്റി (അയാട്ട) യുടെ ലൈസന്‍സും സൌദി ടൂറിസം ബോര്‍ഡ് ലൈസന്‍സും ഇല്ലാത്ത ഒരു ഏജന്‍സികള്‍ക്കും സ്വന്തമായി എയര്‍ടിക്കറ്റ് ഇഷ്യൂ ചെയ്യാനുള്ള അധികാരമില്ല. എന്നാല്‍ അംഗീകാരമുള്ള ഏജന്‍സികള്‍ക്കുള്ളതു പോലെ ടിക്കറ്റ് റിസര്‍വേഷന്‍ ചെയ്യാനുള്ള സൌകര്യവും ലാപ്ടോപ്പ് അടക്കമുള്ള സംവിധാനങ്ങളും ജി.ഡി.എസ് കമ്പനിയുടെ പ്രതിനിധി ഇത്തരം ഓഫീസുകള്‍ക്കും ഒരുക്കിക്കൊടുക്കുകയാണ്. ചില അംഗീകൃത ട്രാവല്‍ ഏജന്‍സികളില്‍നിന്നു തന്ത്രപൂര്‍വം റിസര്‍വേഷന്‍ സൌകര്യം തരപ്പെടുത്തി എടുക്കുന്നവരുമുണ്ട്. ഇവിടെ ജോലി ചെയ്യുന്ന ടിക്കറ്റിംഗ് ഓഫീസര്‍മാരാണ് അടുത്തിടെ പെരുകിയ വിമാനടിക്കറ്റ് തട്ടിപ്പുകള്‍ക്കു പിന്നില്‍.

അവധിക്കാലം അടുത്തതോടെ പ്രവാസികള്‍ എയര്‍ലൈന്‍ ടിക്കറ്റിനായി നെട്ടോട്ടമോടുമ്പോള്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് നല്‍കുന്ന ഇവര്‍ ഉപയോക്താക്കളില്‍നിന്ന് ഈടാക്കുന്ന പണം എയര്‍ലൈന്‍ ഓഫീസിലും അംഗീകൃത ഏജന്‍സികളിലും അടയ്ക്കാതെ മുങ്ങുന്നതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമാകുന്നത്. ഇവര്‍ മുങ്ങിയതായി വിവരം കിട്ടുന്നതോടെ സിസ്റം നല്‍കുന്നവര്‍ ടിക്കറ്റുകള്‍ റീഫണ്ട് ചെയ്യും. അങ്ങിനെ നാട്ടിലേക്കു പോയി മടങ്ങുന്നവരും ദിവസങ്ങള്‍ക്ക് മുന്‍പേ ടിക്കറ്റ് എടുത്ത് വെച്ചവരും എയര്‍പോര്‍ട്ടിലെത്തുമ്പോള്‍ മാത്രമാണ് തങ്ങളുടെ ബുക്കിംഗ് ക്യാന്‍സല്‍ ആയതായി ബോധ്യപ്പെടുന്നത്. കഴിഞ്ഞ അവധിക്കാലത്തും ഇങ്ങിനെയുള്ള മൂന്നോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം ബത്ഹയില്‍ നിന്നും മുങ്ങിയ ഏജന്‍സി ജീവനക്കാരന്‍ ലക്ഷക്കണക്കിന് റിയാലാണ് ഉപയോക്താക്കളില്‍നിന്നു തട്ടിയെടുത്തത്. പ്രമുഖ ട്രാവല്‍ ഏജന്‍സിയുടെ സബ് ഏജന്റായി പ്രവര്‍ത്തിച്ചിരുന്ന ഈ ഓഫീസിലെ ജീവനക്കാരന്‍ സാധാരണ ടിക്കറ്റ് നിരക്കില്‍നിന്ന് 200 ഉം 300 ഉം റിയാല്‍ കുറഞ്ഞ നിരക്കില്‍ നാട്ടിലേക്കു ടിക്കറ്റ് നല്‍കിയിരുന്നതായാണ് വിവരം. അതുകൊണ്ട് ഇവിടെ ടിക്കറ്റിനായി വന്‍തിരക്കായിരുന്നു.

സാധാരണക്കാരായ വിദേശികള്‍ നാട്ടിലേക്കു പോകാന്‍ ടിക്കറ്റിനായി പണവുമായെത്തുന്ന ബത്ഹയില്‍ അംഗീകൃത ഏജന്‍സിയെ തിരിച്ചറിയാന്‍ കഴിയാത്തവിധം അനധികൃത ഓഫീസുകള്‍ വ്യാപകമാണ്. സാധാരണക്കാരെ ആകര്‍ഷിക്കുന്നതിനായി പലവിധ വാഗ്ദാനങ്ങളും നല്‍കുന്ന അനധികൃത ഓഫീസുകളുടെ തട്ടിപ്പില്‍പ്പെട്ട് പണം നഷ്ടപ്പെട്ടവരാണ് ഇപ്പോള്‍ പരാതിയുമായി വന്നിരിക്കുന്നത്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍