ടര്‍ബന്‍ ധരിച്ച സിക്ക് ഡിസൈനര്‍ക്കു വിമാനത്തില്‍ യാത്ര നിഷേധിച്ചു
Tuesday, February 9, 2016 8:24 AM IST
ന്യൂയോര്‍ക്ക്: നടനും ഡിസൈനറുമായ ഇന്ത്യന്‍ വംശജന്‍ വാരിസ് അലുവാലിയാക്ക് മെക്സിക്കോയില്‍നിന്നു ന്യൂയോര്‍ക്കിലേക്കുള്ള എയ്റോ മെക്സിക്കോ വിമാനത്തില്‍ യാത്ര അനുവദിച്ചില്ല.

ഫെബ്രുവരി എട്ടിനു രാവിലെ 7.15നു ന്യൂയോര്‍ക്കിലേക്കു പുറപ്പെടേണ്ട വിമാനത്തില്‍ എല്ലാ യാത്രക്കാര്‍ക്കും പ്രവേശനം നല്‍കിയതിനുശേഷമാണ് അലുവാലിയായെ സെക്യൂരിറ്റി പരിശോധനയ്ക്കു വിധേയനാക്കിയത്. സെക്യൂരിറ്റി പരിശോധനയില്‍ ബാഗും ദേഹവും പരിശോധിച്ചതിനുശേഷം ഉദ്യോഗസ്ഥര്‍ ടര്‍ബന്‍ നീക്കം ചെയ്യാനാവശ്യപ്പെട്ടു.

പൊതുസ്ഥലത്തുവച്ചു ടര്‍ബന്‍ നീക്കം ചെയ്യുന്നതില്‍ മതപരമായ തടസം ഉള്ളതിനാല്‍ സ്വകാര്യമുറിയില്‍വച്ചു ടര്‍ബന്‍ നീക്കം ചെയ്യാമെന്ന നിര്‍ദ്ദേശം സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ തള്ളി.

ഈ വിമാനത്തില്‍ ന്യൂയോര്‍ക്കിലേക്കു യാത്ര ചെയ്യണമെങ്കില്‍ ടര്‍ബന്‍ നീക്കണമെന്ന് സെക്യൂരിറ്റിക്കാര്‍ വീണ്ടും ശഠിച്ചു. ഇതിനിടെ വിമാനത്തിന്റെ വാതില്‍ അടയ്ക്കുകയും അലുവാലിയായുടെ യാത്ര തടസപ്പെടുകയും ചെയ്തു.

ടര്‍ബന്‍ ധരിച്ചതിന്റെ പേരില്‍ യാത്ര നിഷേധിച്ച എയ്റൊ മെക്സിക്കോയുടെ നടപടിയെ അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിക്ക് കൊയലേഷന്‍ പ്രതിഷേധിച്ചു. സംഭവത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ സോഷ്യല്‍മീഡിയകളിലൂടെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍