വിവാദ പ്രഫസര്‍ കോളജ് വിട്ടു
Tuesday, February 9, 2016 8:22 AM IST
ഷിക്കാഗോ: ക്രിസ്ത്യാനികളും മുസ്ലിംകളും ഒരു ദൈവത്തെയാണ് ആരാധിക്കുന്നതെന്നു പരസ്യമായി പ്രസ്താവന നടത്തിയ ഇല്ലിനോയിസിലെ പ്രശസ്ത ക്രിസ്ത്യന്‍ കോളജ് ആയ വീറ്റണ്‍ ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍ കോളജ് പ്രഫസര്‍ അധ്യാപക വൃത്തിയില്‍നിന്നു സ്വയം പിരിഞ്ഞു.

പ്രഫസറുടെ പ്രസ്താവന ദേശീയ തലത്തില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. കോളജ് വിശ്വാസത്തിനു ഘടകവിരുദ്ധമാണു പ്രഫസറുടെ പ്രസ്താവന എന്ന് ആരോപിച്ച് ഡിസംബറില്‍ ഇവരെ ജോലിയില്‍നിന്നു സസ്പെന്‍ഡ് ചെയ്തു.

മുസ്ലിം യുവതികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തലയില്‍ സ്കാര്‍ഫ് ധരിച്ച് കോളജില്‍ എത്തിയതും അധികൃതരെ പ്രകോപിപ്പിച്ചു.

ഇസ്ലാമും ക്രിസ്ത്യാനിറ്റിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നാം ആരാധിക്കുന്നത് ഒരു ദൈവത്തെ ആണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാചകങ്ങള്‍ ചൂണ്ടിക്കാട്ടിയാണു പ്രഫസര്‍ പ്രസ്താവന നടത്തിയത്.

കോളജ് അധികൃതര്‍ പ്രഫസറെ പിരിച്ചുവിടുന്ന സ്ഥിതിയിലേക്കു കാര്യങ്ങള്‍ നീങ്ങിയതു വലിയ പ്രതിഷേധത്തിനു വഴി തെളിച്ചു. ഒടുവില്‍ പ്രഫസറും മാനേജ്മെന്റും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് കോളജിലെ ജോലി സ്വയം ഉപേക്ഷിക്കുന്നതിനു തയാറായത്. കരാറിലെ വ്യവസ്ഥകള്‍ വെളിപ്പെടുത്താന്‍ കോളജ് അധികൃതരോ പ്രഫസറോ തയാറായിട്ടില്ല.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍