'നൃത്താഞ്ജലി 2016' അരങ്ങേറി
Tuesday, February 9, 2016 8:16 AM IST
കുവൈത്ത്: നടനം സ്കൂള്‍ ഓഫ് ഡാന്‍സ്, പത്തൊമ്പതാമത് വാര്‍ഷികാഘോഷങ്ങളും അരങ്ങേറ്റവും 'നൃത്താഞ്ജലി 2016' എന്ന പേരില്‍ സംഘടിപ്പിച്ചു.

മൈതാന്‍ ഹവലിയിലെ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ നടന്ന പരിപാടിയില്‍ പ്രശസ്ത അഭിനേത്രിയും നര്‍ത്തകിയുമായ നവ്യാ നായര്‍ മുഖ്യാതിഥിയായി പങ്കെടുത്ത് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

ഗുരു ബോബി അനില്‍ രാജും പ്രശസ്ത നൃത്തകന്‍ ആര്‍.എല്‍.വി. സുന്ദരനും നടനത്തിലെ മുതിര്‍ന്ന കുട്ടികളും ചേര്‍ന്ന് രാമായണത്തിലെ ചില കഥാ സന്ദര്‍ഭങ്ങള്‍ ഭരതനാട്യത്തിലൂടെ ഒരു നൃത്ത നാടകമായി അവതരിപ്പിച്ചു. ചടങ്ങില്‍ അതിഥിയായെത്തിയ നവ്യാ നായരും വേദിയിലെത്തി നാട്യ വിസ്മയം തീര്‍ത്തു. രാജ കുടുംബാംഗം ഷെയ്ഖ് ഫാത്ത്മാ അല്‍ സബയുടെ സാന്നിധ്യത്തില്‍ നൂറോളം കുരുന്നുകള്‍ ഗുരുവിനൊപ്പം വേദി പങ്കിട്ടു.

പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഫിറോസ് ജെ. മാത്യു, നടനം സ്കൂള്‍ രക്ഷാധികാരി സുനില്‍ പി. ആന്റണി, കോ-ഓര്‍ഡിനേറ്റര്‍മാരായ അനില്‍ രാജ്, സിജു സദാശിവന്‍, ഫൈനാന്‍സ് കണ്‍ട്രോളര്‍ ഷിബു ചെറിയാന്‍, ആര്‍ട്ടിസ്റ് കോ ഓര്‍ഡിനേറ്റര്‍ വേണുഗോപാല്‍, ശിവദാസ് മുല്ലശേരി, കെ.പി. സുരേഷ്, ആന്റണി കഞ്ഞിക്കര തുടങ്ങിയവര്‍ ആഘോഷ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍