സൌദി അംബാസഡറായി അഹമ്മദ് ജാവേദ് തിങ്കളാഴ്ച ചാര്‍ജെടുക്കും
Wednesday, February 3, 2016 7:13 AM IST
റിയാദ്: സൌദി അറേബ്യയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി നിയമിക്കപ്പെട്ട മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ അഹമ്മദ് ജാവേദ് തിങ്കളാഴ്ച റിയാദിലെത്തി ചാര്‍ജെടുക്കുമെന്നു വിദേശകാര്യ മന്ത്രാലയത്തിലെ വിശ്വസനീയ കേന്ദ്രങ്ങള്‍ അറിയിച്ചു. മുംബൈ പോലീസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് കഴിഞ്ഞ ശനിയാഴ്ച വിരമിച്ച അഹമ്മദ് ജാവേദിന് മുംബൈയില്‍ പ്രൌഢോജ്വലമായ യാത്രയയപ്പ് നല്‍കി. മഹാരാഷ്ട്ര കേഡറില്‍നിന്നുള്ള മറ്റൊരു മുതിര്‍ന്ന ഐപിഎസ് ഓഫീസറായ ദത്താത്രേയ പദ്സാല്‍ഗിക്കര്‍ ആയിരിക്കും പുതിയ മുംബൈ പോലീസ് കമ്മീഷണര്‍.

ഡിസംബര്‍ 11 നാണു സൌദി അറേബ്യയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിക്കുന്നത്. രണ്ട് വര്‍ഷത്തേക്കാണ് അഹമ്മദ് ജാവേദിനെ സൌദി അംബാസഡറായി നിയമിച്ചിരിക്കുന്നത്. 2015 ഏപ്രിലില്‍ ഹാമിദ് അലി റാവു വിരമിച്ച ശേഷം സൌദി അറേബ്യയിലെ ഇന്ത്യന്‍ അംബാസഡറുടെ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. മഹാരാഷ്ട്രയില്‍ നിന്നുള്ള ഹേമന്ത് കോട്ടേല്‍വാറാണ് ഇപ്പോള്‍ ചാര്‍ജ് ഡി അഫയേഴ്സ്. പ്രധാനമന്ത്രിയുടെ സൌദി സന്ദര്‍ശനമടക്കം നിരവധി അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളാണ് നിയുക്ത അംബാസഡറെ കാത്തിരിക്കുന്നത്.

മഹാരാഷ്ട്ര കേഡറില്‍നിന്ന് അംബാസഡര്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന രണ്ടാമത്തെ ഐപിഎസ് ഓഫീസറാണ് അഹമ്മദ് ജാവേദ്. ഇതിന് മുന്‍പ് 1989 ല്‍ റൊമാനിയന്‍ അംബാസഡറായി ജെ.എഫ്. റൊബൈറോ നിയമിക്കപ്പെട്ടിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍