രക്തസാക്ഷി ദിനം ആചരിച്ചു
Monday, February 1, 2016 8:52 AM IST
ജിദ്ദ: ഒഐസിസി ജിദ്ദ റീജണല്‍ കമ്മിറ്റി മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനം ആചരിച്ചു. ഷറഫിയയിലെ ഒഐസിസി ഓഫീസില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് കെ.ടി.എ. മുനീര്‍ അധ്യക്ഷത വഹിച്ചു. അസഹിഷ്ണുത വര്‍ധിച്ചു വരുന്ന ഇക്കാലത്ത് ഗാന്ധിയന്‍ ചിന്തകളുടെ പ്രസക്തി വര്‍ധിച്ചിരിക്കുകയാണെന്നു മുനീര്‍ അഭിപ്രായപ്പെട്ടു.

ഗാന്ധിജിയുടെ ഘാതകരുമായി തത്വത്തില്‍ യോജിക്കുന്നവര്‍ സമൂഹത്തില്‍ ഗണ്യമായി വര്‍ധിച്ചു വരുന്ന ഇക്കാലത്ത് ഗാന്ധിജിയുടെ അധ്യാപനങ്ങള്‍ കഴിയുന്നത്ര ജീവിതത്തില്‍ പകര്‍ത്തി പുതിയ തലമുറകള്‍ക്ക് അവ പകര്‍ന്നു കൊടുത്തുകൊണ്ട് അവയെ അനശ്വരമാക്കുകയാണു ഗാന്ധിജിയെ സ്നേഹിക്കുന്നവര്‍ ചെയ്യേണ്ടത് എന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഇക്ബാല്‍ പൊക്കുന്ന് അഭിപ്രായപ്പെട്ടു.

ജനറല്‍ സെക്രട്ടറി നൌഷാദ് അടൂര്‍, ഗ്ളോബല്‍ കമ്മിറ്റി അംഗം അലി തേക്കുതോട്, ടോണി മാത്യു (ദമാം), രാജീവ് മത്തായില്‍, ജനറല്‍ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ എടവണ്ണ, അസി. ട്രഷറര്‍ അലവിക്കുട്ടി കണിയാംബറ്റ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍