ടി.എന്‍ ഗോപകുമാറിന്റെ നിര്യാണത്തില്‍ ഐഎപിസി അനുശോചിച്ചു
Saturday, January 30, 2016 3:15 AM IST
ന്യൂയോര്‍ക്ക്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫുമായ ടി.എന്‍ ഗോപകുമാറിന്റെ നിര്യാണത്തില്‍ ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ളബ് (ഐഎപിസി) അനുശോചിച്ചു. മലയാളത്തിനു നഷ്ടപ്പെട്ടത് കരുത്തുറ്റ മാധ്യമപ്രവര്‍ത്തകനെയാണെന്ന് ഐഎപിസി പ്രസിഡന്റ് പര്‍വീണ്‍ ചോപ്ര, ജനറല്‍ സെക്രട്ടറി കോരസണ്‍ വര്‍ഗീസ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. മാത്യു ജോയിസ്, ട്രഷറര്‍ തോമസ് മാത്യു, ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ജിന്‍സ്മോന്‍ പി. സക്കറിയ, ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ വിനി നായര്‍, സെക്രട്ടറി പോള്‍ പനയ്ക്കല്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

മാധ്യമരംഗത്ത് മൂന്നു പതിറ്റാണ്ടിലേറെ നീണ്ട ശക്തമായ സാന്നിധ്യമായിരുന്നു ടി എന്‍ ഗോപകുമാര്‍. മാതൃഭൂമിയുടെ ന്യൂഡല്‍ഹി ലേഖകനായിരുന്ന ഗോപകുമാര്‍ ഇന്ത്യന്‍ എക്സ്പ്രസ്, ദി ഇന്‍ഡിപ്പെന്‍ഡന്റ് , ഇന്ത്യാ ടുഡേ, ദ സ്റ്റേറ്റ്സ്മാന്‍, ടൈംസ് ഓഫ് ഇന്ത്യ എന്നീ പത്രങ്ങളിലും ബിബിസിയ്ക്കുവേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദില്ലി, പയണം, മുനമ്പ്, ശൂദ്രന്‍, കൂടാരം, ശുചീന്ദ്രം രേഖകള്‍, അകമ്പടി സര്‍പ്പങ്ങള്‍, വോള്‍ഗാ തരംഗങ്ങള്‍, കണ്ണകി തുടങ്ങിയവയാണ് കൃതികള്‍. 'ജീവന്‍ മശായ്' എന്ന ചിത്രവും ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത 'വേരുകള്‍' എന്ന സീരിയലും സംവിധാനം ചെയ്തിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എഫ്സിസിജെ ടോക്കിയോ ഏഷ്യന്‍ ജേര്‍ ണലിസ്റ് അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

അര്‍ബുദ രോഗബാധിതനായി വളരെക്കാലം ചികിത്സയിലായിരുന്ന അദ്ദേഹം രോഗത്തോട് പടവെട്ടി വീണ്ടും മാധ്യമരംഗത്ത് സജീവമാകവെയാണ് അപ്രതീക്ഷിത വിടവാങ്ങല്‍. അദ്ദേഹത്തിന്റെ കണ്ണാടി എന്ന പ്രതിവാര ടെലിവിഷന്‍ പരിപാടി ശ്രദ്ധേയമായിരുന്നു.