കല കുവൈറ്റ് 'മഴവില്ല് 2015' സമ്മാനദാനവും കുട്ടികളുടെ ഭാഷാ സംവാദവും സംഘടിപ്പിച്ചു
Wednesday, January 27, 2016 8:28 AM IST
കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് ഇന്ത്യന്‍ സ്കൂളുകളിലെ കുട്ടികള്‍ക്കായുള്ള 'മഴവില്ല് 2015' ചിത്രരചനാമത്സരത്തില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനദാനം അബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു.

ഇന്ത്യന്‍ എംബസി കമ്യൂണിറ്റി അഫെയേര്‍സ് ഓഫീസര്‍ എ.കെ. ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. കല പ്രസിഡന്റ് ആര്‍. നാഗനാഥന്‍ അധ്യക്ഷത വഹിച്ചു. നാല് വിഭാഗങ്ങളിലായി സംഘടിപ്പിച്ച മത്സരങ്ങളില്‍ വിജയികളായ കുട്ടികള്‍ക്കുള്ള സ്വര്‍ണ മെഡലുകളും പ്രോത്സാഹന സമ്മാനങ്ങളും എ.കെ. ശ്രീവാസ്തവ, അഷറഫ് കാളത്തോട്, ലിസി കുര്യാക്കോസ്, കൂടാതെ കലയുടെ കേന്ദ്ര കമ്മിറ്റി അംഗങ്ങളും മുതിര്‍ന്ന പ്രവര്‍ത്തകരും ചേര്‍ന്നു വിതരണം ചെയ്തു. വിജയികള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടു പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ അബ്ദുള്‍ റഹീം, കല കുവൈറ്റ് ജനറല്‍ സെക്രട്ടറി സി.കെ. നൌഷാദ്, കല കുവൈത്ത് അബാസിയ മേഖല സെക്രട്ടറി മൈക്കിള്‍ ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു.

കിന്റര്‍ഗാര്‍ഡന്‍ വിഭാഗത്തില്‍ ഭാവന്‍സിലെ എറിന്‍ ലിസ് ജയ്സണ്‍, സബ് ജൂണിയര്‍ വിഭാഗത്തില്‍ കാര്‍മല്‍ സ്കൂളിലെ ഹരിഗോവിന്ദ് സജിത്ത്, ജൂണിയര്‍ വിഭാഗത്തില്‍ ഭാവന്‍സിലെ എം. നന്ദകൃഷ്ണന്‍, സീനിയര്‍ വിഭാഗത്തില്‍ ഭാവന്‍സിലെ തന്നെ കാതറിന്‍ വിസ്മയ ബിജു എന്നിവര്‍ നാല് വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങളിലെ വ്യക്തിഗത ജേതാക്കള്‍ക്കുള്ള സ്വര്‍ണമെഡലുകള്‍ സ്വീകരിച്ചു. കിന്റര്‍ഗാര്‍ഡന്‍ വിഭാഗത്തില്‍ നികിഷ രണ്ടാം സ്ഥാനവും റെയ്ന്‍ മേരി ജോണ്‍, സാനിയ സഹ്റ, ജൊഹാന്‍ സ്മിജോ എന്നിവര്‍ മൂന്നാം സ്ഥാനവും പങ്കിട്ടു. സബ് ജൂണിയര്‍ വിഭാഗത്തില്‍ എബിന്‍ ബാബു രണ്ടാം സ്ഥനവും ലെന്‍ ഷിജു, ഫെമി ജോയി എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. ജൂണിയര്‍ വിഭാഗത്തില്‍ വൈഷ്ണവ് അനില്‍കുമാര്‍ രണ്ടാം സ്ഥാനവും അഞ്ജലി സന്തോഷ് കുമാര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയപ്പോള്‍ സീനിയര്‍ വിഭാഗത്തില്‍ കരോള്‍ മേരി തോമസ് രണ്ടാം സ്ഥാനവും അലന ആന്‍ പ്രകാശ്, താഹിര്‍ അലി ബന്ദൂക്വാല എന്നിവര്‍ മൂന്നാം സ്ഥാനവും പങ്കിട്ടു. വിവിധയിനം പ്രോത്സാഹന സമ്മാനങ്ങളും ഇതോടൊപ്പം വിതരണം ചെയ്തു.

ഇതോടനുബന്ധിച്ച് കല കുവൈറ്റ് മാതൃഭാഷാ പഠനപദ്ധതിയുടെ രജതജൂബിലി ആഘോഷങ്ങളിലെ പ്രതിമാസ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പഠന ക്ളാസുകളിലെ കുട്ടികളുടെ ഭാഷാസംവാദം ശ്രദ്ധേയമായി.

രണ്ടു ഗ്രൂപ്പുകളിലായി ആറു കുട്ടികള്‍ പങ്കെടുത്ത സംവാദം സുരേഷ് കുമാര്‍ നിയന്ത്രിച്ചു. പ്രമുഖ സാഹിത്യകാരന്‍ അഷറഫ് കാളത്തോട് ജഡ്ജി ആയ സംവാദത്തില്‍ മലയാള ഭാഷയുടെ ഉപയോഗത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള സംഭാഷണങ്ങള്‍ ഉയര്‍ന്നുവന്നു. മികച്ച രീതിയില്‍ സംവാദത്തില്‍ പങ്കെടുത്ത ദേവി, എബിന്‍, അഭിനവ് എന്നിവരടങ്ങിയ ഗ്രൂപ്പ് വിജയികളായി. പരിപാടിയില്‍ വ്യക്തിഗത മികവു പുലര്‍ത്തിയതിന് എബിനെയും ഐറിനെയും തെരഞ്ഞെടുത്തു.

പങ്കെടുത്തവര്‍ക്ക് ആശംസകള്‍ നേര്‍ന്നു പ്രമുഖ സാഹിത്യകാരനുമായ സാം പൈനുംമൂട്, സാംസ്കാരിക പ്രവര്‍ത്തകനായ ഹെര്‍മന്‍ എന്നിവര്‍ സംസാരിച്ചു.

ബാലവേദി ക്ളബുകളിലെ അംഗങ്ങളും വിവിധ മാതൃഭാഷ പഠന ക്ളാസുകളിലെ കുട്ടികളും പരിപാടിയുടെ ഭാഗമായി കലാപരിപാടികള്‍ അവതരിപ്പിച്ചു. കല കുവൈറ്റ് അബാസിയ മേഖലയിലെ സജീവ പ്രവര്‍ത്തകര്‍ പരിപാടിക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍