രോഹിത്, ദളിത് പിന്നോക്ക പീഡനത്തിന്റെ അവസാന ഇര: കല കുവൈറ്റ്
Wednesday, January 20, 2016 7:32 AM IST
കുവൈത്ത് സിറ്റി: ദളിത് പിന്നോക്ക ജനവിഭാഗങ്ങള്‍ക്കുനേരെയുള്ള സംഘപരിവാര്‍ സംഘത്തിന്റെ ആസൂത്രിത ആക്രമണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണു ഹൈദരാബാദ് സര്‍വകലാശാലയിലെ ദളിത് വിദ്യാര്‍ഥി രോഹിതിന്റെ മരണമെന്നു കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

രോഹിത് ജീവനൊടുക്കിയതില്‍ കേന്ദ്രമന്ത്രിക്കും യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ക്കുമുള്ള പങ്ക് വ്യക്തമാണ്. ഇവര്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കാനും സര്‍ക്കാരുകള്‍ തയാറാകണം. വിദ്യാഭ്യാസ മേഖലയില്‍ നിന്നും ദളിതരെയും പിന്നോക്കക്കാരെയും പുറത്താക്കി കാവിവത്കരിക്കാനുള്ള നീക്കത്തെ ചെറുത്തു തോല്‍പ്പിക്കണമെന്നും കല കുവൈറ്റ് അഭിപ്രായപ്പെട്ടു.

സംഘ പരിവാറിന്റെ വിദ്വേഷ രാഷ്ട്രീയം എല്ലാ അതിരുകളും വിട്ട് രാജ്യത്താകമാനം അഴിഞ്ഞാടുകയാണ്. ഇതിനെതിരേ പ്രതിഷേധ കൊടുങ്കാറ്റ് ഉയര്‍ന്നുവരണമെന്നും കല കുവൈറ്റ് പ്രസിഡന്റ് ആര്‍. നാഗനാഥനും ജനറല്‍ സെക്രട്ടറി സി.കെ. നൌഷാദും പ്രസ്താവനയില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍