തൊഴില്‍കരാര്‍ മലയാളത്തിലാക്കി യുഎഇ സര്‍ക്കാര്‍
Tuesday, January 19, 2016 10:23 AM IST
അബുദാബി: വിവിധ രാജ്യക്കാരായ തൊഴിലാളികളുടെ സൌകര്യാര്‍ഥം പതിനൊന്നു പ്രാദേശിക ഭാഷകളില്‍ കരാര്‍രേഖ ലഭ്യമാക്കുന്ന സംവിധാനം യുഎഇയില്‍ പ്രാബല്യത്തില്‍വന്നു. ഇതുപ്രകാരം മലയാളികളായ തൊഴിലാളികള്‍ക്ക് സ്വന്തം ഭാഷയില്‍ തയാറാക്കിയ തൊഴില്‍ കരാര്‍ ലഭിക്കും.

തൊഴിലുടമ നല്‍കുന്ന സുപ്രധാന രേഖയായ തൊഴില്‍കരാറിനു പുറമേ, ജോലി വാഗ്ദാനം ചെയ്തുള്ള ഓഫര്‍ ലെറ്റര്‍, ബന്ധപ്പെട്ട മറ്റു രേഖകള്‍ എന്നിവയും മലയാളത്തില്‍ ലഭിക്കും.

മലയാളം, അറബ്, ഇംഗ്ളീഷ് ഭാഷകള്‍ക്കു പുറമേ ഹിന്ദി, തമിഴ്, ബംഗാളി, ഉര്‍ദു ഭാഷകള്‍ക്കും തൊഴില്‍മന്ത്രാലയം അംഗീകാരം നല്‍കിയിട്ടുണ്ട്. ആദ്യമായി ജോലി കിട്ടുന്നവര്‍ക്കും നിലവില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നു മറ്റൊന്നിലേക്കു മാറുന്നവര്‍ക്കും പ്രാദേശിക ഭാഷയില്‍ കരാര്‍രേഖ ലഭിക്കും. ഇതുവഴി ചൂഷണങ്ങള്‍ ഒഴിവാക്കാനും ജോലിയെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചുമെല്ലാം തൊഴിലാളികള്‍ക്കു വ്യക്തത വരുത്തുവാനും സഹായിക്കും.

വിദേശ തൊഴിലാളികളുടെ എണ്ണം കണക്കിലെടുത്താണു പ്രാദേശിക ഭാഷകള്‍ ഉള്‍പ്പെടുത്താന്‍ തൊഴില്‍ മന്ത്രാലയം നിര്‍ദേശം നല്‍കിയത്.