വണ്േടഴ്സ് ഓഫ് വിന്റര്‍ കുടുംബ കൂട്ടായ്മ സംഘടിപ്പിച്ചു
Tuesday, January 19, 2016 8:24 AM IST
ഹൂസ്റണ്‍: പിയര്‍ലാന്റ് സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിന്റെ നിര്‍മാണ ധനശേഖരണാര്‍ഥം വാര്‍ഷിക ഇടവക കൂട്ടായ്മയും 'വണ്േടഴ്സ് ഓഫ് വിന്റര്‍' കലാപരിപാടികളും സംഘടിപ്പിച്ചു.

ജനുവരി ഒമ്പതിന് വൈകുന്നേരം ദേവാലയങ്കണത്തില്‍ നടന്ന പരിപാടികള്‍ ദിയ ഫിലിപ്പിന്റേയും ദിയ ജേക്കബിന്റെയും പ്രാര്‍ഥന നൃത്തത്തോടെ തുടക്കം കുറിച്ചു.

അസിസ്റന്റ് വികാരി ഫാ. വില്‍സണ്‍ ആന്റണി 'വണ്േടഴ്സ് ഓഫ് വിന്റര്‍' ഉദ്ഘാടനം ചെയ്തു. സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബോസ് കുര്യന്‍ വിശിഷ്ടാതിഥിയായിരുന്നു. മുഖ്യ പ്രഭാഷണത്തില്‍ എസ്എംസിസി നാഷണല്‍ കമ്മിറ്റിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട സോണി ഫിലിപ്പിനെ അദ്ദേഹം അനുമോദിച്ചു. ചടങ്ങില്‍ ട്രസ്റി ജിമ്മി കുമ്പാട്ട്, പ്രോഗ്രാം കമ്മിറ്റിയംഗങ്ങളായ സന്തോഷ് ഐപ്പ്, ജോഷി വര്‍ഗീസ്, ജോമോന്‍ ജേക്കബ്, നവീന്‍ ജോസഫ് എന്നിവര്‍ സന്നിഹിതരായിരുന്നു. ട്രസ്റി ജേക്കബ് തോമസ് സ്വാഗതം ആശംസിച്ചു. ട്രസ്റിമാരായ ടെന്നിസണ്‍ മാത്യു, സിബി ജേക്കബ് എന്നിവര്‍ റാഫിള്‍ ടിക്കറ്റ് വിജയികളെ തെരഞ്ഞെടുത്തു.

തുടര്‍ന്നു ഇവന്റ് മാനേജര്‍ സോണി ഫിലിപ്പിന്റെ നേതൃത്വത്തില്‍ മൂന്നു മണിക്കൂര്‍ നീണ്ട വണ്േടഴ്സ് ഓഫ് വിന്ററില്‍ ഷാരോന്‍ സിബിയുടെ ഏകാംഗാഭിനയം, യുവജനങ്ങളുടെയും മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികള്‍, നൃത്തനിര്‍ത്യങ്ങള്‍ തുടങ്ങിയവ അരങ്ങേറി. ആഷിന്‍ ജോസഫ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചു.

സോണി ഫിലിപ്പ് സംവിധാനം ചെയ്ത 'യുദീത' എന്ന ബൈബിള്‍ നാടകത്തില്‍ ജോമോന്‍ ജേക്കബ്, ഷാജു വര്‍ഗീസ്, സന്തോഷ് ഐപ്പ്, ജെസീന ടോം, അലന്‍, എറിക്, ഓസ്റിന്‍ തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളായി വേഷമിട്ടു. ലോകരക്ഷകനെ ചുംബനം കൊണ്ട് ഒറ്റിക്കൊടുത്ത് ഒരുമുഴം കയറില്‍തൂങ്ങി മരിക്കുമ്പോള്‍ ലോകമറിയാതെ പോയ യൂദാസിന്റെ പ്രണയിനി, യൂദിതയുടെ വിരഹ ദുഃഖം ഭാവനയുടെ അതിര്‍വരമ്പില്‍ നിന്നുകൊണ്ട് അനാവരണം ചെയ്യുന്നതായിരുന്നു നാടകത്തിന്റെ പ്രമേയം.

അശോകും ഇന്ദിരയും കാര്യപരിപാടികള്‍ നിയന്ത്രിച്ചു. അത്താഴവിരുന്നിനുശേഷം സോണി ഫിലിപ്പിന്റെ നന്ദിപ്രസംഗത്തോടെ വാര്‍ഷിക ഇടവക കൂട്ടായമയ്ക്ക് പര്യവസാനമായി.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി