ലോസ്ആഞ്ചലസില്‍ മലയാളി സമൂഹം മകരവിളക്ക് ആഘോഷിച്ചു
Tuesday, January 19, 2016 8:23 AM IST
ലോസ്ആഞ്ചലസ്: ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ലോസ്ആഞ്ചലസിലെ മലയാളി സമൂഹം മകരവിളക്ക് ആഘോഷിച്ചു.

ജനുവരി 17നു ലോസ് ആഞ്ചലസിലെ സനാതന ധര്‍മ ക്ഷേത്രത്തില്‍ ഒത്തുചേര്‍ന്ന ഭക്ത ജനങ്ങള്‍ വിവിധ പരിപാടികളോടെയും പ്രത്യേക പൂജകളോടെയും ഭക്ത്യാദരപൂര്‍വം ശബരിമല ധര്‍മ ശാസ്താവിന്റെ അനുഗ്രഹം തേടി.

വൈകുന്നേരം നടന്ന അയ്യപ്പ ഘോഷയാത്രയില്‍ മലയാളികള്‍ക്കു പുറമേ നിരവധി ഇന്ത്യക്കാരും സ്വദേശിയരും പങ്കെടുത്ത് അയ്യപ്പ ഭജനകള്‍ ആലപിച്ചു. കര്‍പ്പൂര ആഴി, നെയ്യഭിഷേകം, വിഷ്ണു സഹസ്രനാമ പ്രയാണം, പടി പൂജ, ഓം ഭജന സംഘം, ബാബു പരമേശ്വരന്‍ എന്നിവര്‍ നയിച്ച ഭജന, ഹരി വരാസനം തുടങ്ങിയവ പരിപാടികള്‍ക്കു മാറ്റുകൂട്ടി.

തൈപൂയ പൊങ്കല്‍ ആഘോഷിക്കുന്ന സതേണ്‍ കലിഫോര്‍ണിയ തമിള്‍ സംഘം, നൊര്‍വാക്കിലെ സനാതന ധര്‍മ ക്ഷേത്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കലിഫോര്‍ണിയായിലെ പ്രമുഖ മലയാളി കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസ് (ഓം) ആണു മകരവിളക്കാഘോഷം സംഘടിപ്പിച്ചത്. അന്നദാനത്തോടുകൂടി രാത്രി പത്തിനു പരിപാടികള്‍ സമാപിച്ചു.

പങ്കെടുത്ത എല്ലാവര്‍ക്കും സംഘാടക സമിതിക്കുവേണ്ടി രവി വെള്ളത്തിരി, ഓം പ്രസിഡന്റ് രമ നായര്‍ എന്നിവര്‍ നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: സന്ധ്യ പ്രസാദ്