ഐഎന്‍ഒസി കേരളയുടെ വിപുലമായ റിപ്പബ്ളിക് ദിനാഘോഷം
Tuesday, January 19, 2016 7:04 AM IST
ന്യൂയോര്‍ക്ക്: ഐഎന്‍ഒസി കേരളയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ അറുപത്തേഴാമതു റിപ്പബ്ളിക് ദിനാഘോഷം വിപുലമായ രീതിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ ആഘോഷിക്കുന്നു. നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ട്രസ്റി ബോര്‍ഡിന്റെ സംയുക്ത സമ്മേളനത്തിലാണു വിപുലമായ ആഘോഷങ്ങള്‍ക്ക് അന്തിമ രൂപം നല്‍കിയത്.

ഇതാദ്യമായാണ് ഐഎന്‍ഒസി കേരള അഞ്ചു സംസ്ഥാനങ്ങളില്‍ റിപ്പബ്ളിക് ദിനാഘോഷം സംഘടിപ്പിക്കുന്നതും, കേരളത്തില്‍നിന്നു കെപിസിസി ഔദ്യോഗിക പ്രതിനിധിയെ അയയ്ക്കുന്നതും.

കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ നിര്‍ദേശപ്രകാരം വൈസ് പ്രസിഡന്റ് അഡ്വ. ലാലി വിന്‍സെന്റ് വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിന് കേരളത്തില്‍നിന്നു ജനുവരി 24-നു അമേരിക്കയില്‍ എത്തിച്ചേരുന്നതും, ഫെബ്രുവരി ഏഴുവരെ അമേരിക്ക സന്ദര്‍ശിക്കുന്നതുമാണ്.

ജോബി ജോര്‍ജ് ദേശീയ പ്രസിഡന്റായും, കളത്തില്‍ വര്‍ഗീസ് ചെയര്‍മാന്‍, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ ചാക്കോട്ട് രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ഡോ. മാമ്മന്‍ ജേക്കബ്, ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, സെക്രട്ടറി ഡോ. അനുപം രാധാകൃഷ്ണന്‍, ട്രഷറര്‍ സജി ഏബ്രഹാം, ട്രസ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അറ്റോര്‍ണി ജോസ് കുന്നേല്‍ തുടങ്ങി 26 പേര്‍ അടങ്ങുന്ന കമ്മിറ്റിയില്‍ ചാപ്റ്റര്‍ പ്രസിഡന്റുമാരും ഉള്‍പ്പെടുന്നു.

ജനുവരി 26-നു ഫ്ളോറിഡയില്‍ നടക്കുന്ന റിപ്പബ്ളിക് ദിനാഘോഷത്തിലും, 29-നു ഷിക്കാഗോയില്‍ നടക്കുന്ന സമ്മേളനത്തിലും, 30-നു ഫിലാഡല്‍ഫിയയില്‍ നടക്കുന്ന സമ്മേളനം, 31-നു ന്യൂയോര്‍ക്കില്‍ നടക്കുന്ന സമ്മേളനത്തിലും, ഫെബ്രുവരി ആറിനു ഡാളസില്‍ നടക്കുന്ന സമ്മേളനങ്ങലിലും ലാലി വിന്‍സെന്റിനെ കൂടാതെ ദേശീയ നേതാക്കളും പങ്കെടുക്കും.

ന്യൂയോര്‍ക്കില്‍ പ്രസിഡന്റ് ജോയി ഇട്ടന്റെ നേതൃത്വത്തിലും ഫ്ളോറിഡയില്‍ ഫ്രാന്‍സീസ് അസീസി (പ്രസിഡന്റ്) നേതൃത്വത്തിലും, ഷിക്കാഗോയില്‍ പ്രസിഡന്റ് ഗ്ളാഡ്സണ്‍ വര്‍ഗീസിന്റെ നേതൃത്വത്തിലും, ഫിലാഡല്‍ഫിയയില്‍ പ്രസിഡന്റ് കുര്യന്‍ രാജന്റെ നേതൃത്വത്തിലും, ഡാളസില്‍ പ്രസിഡന്റ് ജോസഫ് ഏബ്രഹാമിന്റേയും, റീജണല്‍ വൈസ് പ്രസിഡന്റ് ബോബന്‍ കൊടുവത്തിന്റെയും നേതൃത്വത്തിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം