'പൊന്നാനിയുടെ സമഗ്ര വികസനത്തിനു പ്രവാസികളുടെ പങ്ക് അനിവാര്യം'
Saturday, January 16, 2016 10:28 AM IST
ദുബായി: നാടിന്റെ സാമ്പത്തിക വ്യവസ്ഥയില്‍ മുഖ്യ പങ്കു വഹിക്കുന്ന പ്രവാസികളുടെ നിക്ഷേപം പൊന്നാനിയുടെ സമഗ്ര വികസനത്തിനായി ഫലപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ പ്രവാസികള്‍ തയാറാവണമെന്നും അതിന് നഗരസഭയുടെ ഭാഗത്തുനിന്നും എല്ലാവിധ പിന്തുണയും ഉറപ്പു നല്‍കാമെന്നും പൊന്നാനി നഗരസഭ ചെയര്‍മാന്‍ സി.പി. മുഹമ്മദ്കുഞ്ഞി പറഞ്ഞു.

ഹൃസ്വ സന്ദര്‍ശനാര്‍ഥം യുഎഇ -ല്‍ എത്തിയ സി.പി. മുഹമ്മദ്കുഞ്ഞി പൊന്നാനി സിറ്റി വെല്‍ഫെയര്‍ ഫോറം സംഘടിപ്പിച്ച 'വിഷന്‍ പൊന്നാനി ട്വന്റി20' എന്ന ചര്‍ച്ചാ വേദിക്ക് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു.

വികസന കുതിപ്പിനു ആക്കം കൂട്ടി പൊന്നാനിയില്‍ നിര്‍മാണത്തില്‍ ഇരിക്കുന്ന കാര്‍ഗോ പോര്‍ട്ടും അനുബന്ധ സംരംഭങ്ങളും ഹാര്‍ബറും മറ്റു പദ്ധതികളും വഴി ധാരാളം തൊഴില്‍, നിക്ഷേപ സാധ്യതകളും നിലനില്‍ക്കുന്നതിനാല്‍ ഇവ വേണ്ട രീതിയില്‍ ഭാവിക്കായി പ്രയോജനപ്പെടുത്താന്‍ ജാതി, മത, രാഷ്ട്രീയ, സംഘടനാ ഭിന്നതകള്‍ മറന്നു എല്ലാവരും ഒന്നിച്ച് രംഗത്ത് ഇറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സി.എസ്.പൊന്നാനി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ടി.വി. സുബൈര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ 'വിഷന്‍ പൊന്നാനി ട്വന്റി-20' ഡോ. അബ്ദുറഹഹ്മാന്‍ കുട്ടി അവതരിപ്പിച്ചു. ഇബ്രാഹിം പന്താവൂര്‍ (ഒഎസിസി), പി.വി. നാസര്‍ (കെഎംസിസി), മുഹമ്മദ് ഷമീര്‍ (ഇസ്മെക്), ടി.വി. ശംസുദ്ദീന്‍, പി.എം. അബ്ദുല്‍ ഗഫൂര്‍, (പൊന്നാനി വെല്‍ഫെയര്‍ കമ്മിറ്റി), സ്വലിഹ് മാസ്റര്‍, മുംതാസ് ടീച്ചര്‍, സി. മൊയ്തീന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മുപ്പത്തിയാറ് വര്‍ഷത്തെ പ്രവാസ ജീവിതത്തിനുശേഷം മടങ്ങുന്ന എ.എം. മുഹമ്മദ് സ്വലിഹ് (അല്‍ ഐന്‍) ന് യാത്രയയപ്പു നല്‍കി. സന്ദീബ് കൃഷ്ണ സ്വാഗതവും എ.കെ. മുസ്തഫ നന്ദിയും പറഞ്ഞു.