ലോസ് ആഞ്ചലസില്‍ മകരവിളക്കാഘോഷം ജനുവരി 17ന്
Thursday, January 14, 2016 8:57 AM IST
ലോസ് ആഞ്ചലസ്: മണ്ഡല മകരവിളക്ക് വ്രത സമാപ്തി കുറിച്ചുകൊണ്ട് മകരവിളക്കാഘോഷങ്ങള്‍ക്ക് ലോസ് ആഞ്ചലസ് ഒരുങ്ങി. ജനുവരി 17ന് (ഞായര്‍) നോര്‍വാക്കിലുള്ള സനാതന ധര്‍മ ക്ഷേത്രത്തിലാണു പ്രത്യേക പൂജകളും ആഘോഷങ്ങളും.

ഉച്ചകഴിഞ്ഞ് 2.30 മുതല്‍ വൈകുന്നേരം 7.30 വരെയുള്ള പരിപാടികളില്‍ അയ്യപ്പ ഘോഷയാത്ര, കര്‍പ്പൂര ആഴി, നെയ്യഭിഷേകം, വിഷ്ണു സഹസ്ര നാമ പ്രയാണം, ബാബു പരമേശ്വരനും സംഘവും നയിക്കുന്ന ഭജന തുടങ്ങിയവ അരങ്ങേറും.

തൈപൂയ പൊങ്കല്‍ ആഘോഷിക്കുന്ന സതേണ്‍ കലിഫോര്‍ണിയ തമിള്‍ സംഘം, നൊര്‍വാക്കിലെ സനാതന ധര്‍മ ടെമ്പിള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

കലിഫോര്‍ണിയായിലെ പ്രമുഖ മലയാളി കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസ് (ഓം) ആണ് ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കുക.

പൂജാ ദ്രവ്യങ്ങളായ പാല്‍, നെയ്യ്, നല്ലെണ്ണ, നിവേദ്യത്തിനുള്ള ഫലവര്‍ഗങ്ങള്‍, പൂക്കള്‍ അരവണ പായസം, ഉണ്ണിയപ്പം തുടങ്ങിയവ ഭക്ത ജനങ്ങള്‍ക്കു കൊണ്ടുവരാമെന്ന് സംഘാടക സമിതിക്കുവേണ്ടി രവി വെള്ളത്തിരി, ഓം പ്രസിഡന്റ് രമ നായര്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സന്ധ്യ പ്രസാദ്