അമേരിക്കന്‍ മലയാളി ഫിസിക്കല്‍ തെറാപ്പിസ്റുകള്‍ക്ക് അഭിമാനമായി ജയകൃഷ്ണന്‍
Wednesday, January 13, 2016 6:46 AM IST
ഫ്ളോറിഡ: അമേരിക്കയിലെ പ്രസിദ്ധമായ യൂണിവേഴ്സിറ്റി ഓഫ് ഫ്ളോറിഡയുടെ ഇന്റര്‍ നാഷണല്‍ സെന്റര്‍ എല്ലാവര്‍ഷവും നല്‍കി വരുന്ന ഔട്ട് സ്റാന്‍ഡിംഗ് സ്റുഡന്റ് അവാര്‍ഡിന് ഇത്തവണ അര്‍ഹനായത് മലയാളിയായ ജയകൃഷ്ണന്‍ നായരാണ്. കോളേജ് ഓഫ് പബ്ളിക്ക് ഹെല്‍ത്ത് ആന്‍ഡ് ഹെല്‍ത്ത് പ്രഫഷന്‍സില്‍നിന്ന് ഒരു വര്‍ഷം രണ്ടു പേരേയാണു ഈ അവാര്‍ഡ് നല്‍കി ആദരിക്കുന്നത്. 2015ല്‍ ഈ അവാര്‍ഡിന് അര്‍ഹരാകുന്ന രണ്ടു പേരില്‍ ഒരാളാണു ജയകൃഷ്ണന്‍. സ്റുഡന്റ് അഡ്വൈസര്‍, ഡിപ്പാര്‍ട്ട്മെന്റ് മേധാവി, കോളേജിന്റെ ഡീന്‍ എന്നിവരാണു വിജയികളെ തെരഞ്ഞെടുക്കുന്നത്.

കോട്ടയം ജില്ലയിലെ വൈക്കമാണു ജയകൃഷ്ണന്റെ സ്വദേശം. 1997ല്‍ മംഗലാപുരത്തുനിന്നു ബിരുദമെടുത്തതിനുശേഷം, പഞ്ചാബിലെ ഗുരു നാനാക്ക് ദേവ് യൂണിവേഴ്സിറ്റിയില്‍നിന്നു ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. 2010ല്‍ യൂണിവേഴ്സിറ്റി ഓഫ് ഫ്ളോറിഡയില്‍ ഗവേഷണ വിദ്യാര്‍ഥി ആയിട്ടാണ് അമേരിക്കയിലേക്ക് അദ്ദേഹം എത്തുന്നത്. 2010 മുതല്‍ 2013 വരെ ടീച്ചിംഗ് അസിസ്റന്റായി യൂണിവേഴ്സിറ്റി ഓഫ് ഫ്ളോറിഡയില്‍ അദ്ദേഹം ജോലി ചെയ്തിരുന്നു. 2013 മുതല്‍ അതേ യൂണിവേഴ്സിറ്റിയില്‍ റിസേര്‍ച്ച് അസിസ്റന്റായി സേവനം അനുഷ്ഠിച്ചുവരുന്നു.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്