സ്റാറ്റന്‍ ഐലന്റ് മാര്‍ ഗ്രിഗോറിയോസ് ദേവാലയവും സെന്റ് ജോണ്‍സ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയവും അനുരഞ്ജനത്തിന്റെ പാതയില്‍
Tuesday, January 12, 2016 8:35 AM IST
സ്റാറ്റന്‍ ഐലന്റ് : അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട സ്റാറ്റന്‍ ഐലന്റ് മാര്‍ ഗ്രിഗോറിയോസ് ദേവാലയവും സെന്റ് ജോണ്‍സ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയവും പരസ്പരം യോജിച്ച് ഒന്നായി പ്രവര്‍ത്തിക്കുവാനുള്ള ഇടവകാംഗങ്ങളുടെയും സഭാ നേതൃത്വത്തിന്റേയും ചിരകാല അഭിലാഷം പൂവണിഞ്ഞതിന്റെ സന്തോഷത്തിലാണു സഭാവിശ്വാസികള്‍.

ജനവുവരി മൂന്നിന് മാര്‍ ഗ്രിഗോറിയോസ് ദേവാലയത്തില്‍ നടന്ന ദിവ്യബലിയില്‍ ഇടവക മെത്രാപ്പോലീത്താ യല്‍ദൊ മാര്‍ തീത്തോസ് കാര്‍മികത്വം വഹിക്കുകയും തുടര്‍ന്ന് ഇരു ഇടവകകളുടെ ലയന തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ചടങ്ങിനു സാക്ഷ്യം വഹിക്കാന്‍ സഭാ കൌണ്‍സില്‍ അംഗങ്ങള്‍, ഷെവലിയര്‍മാര്‍, വിവിധ ദേവാലയങ്ങളിലെ വൈദീകര്‍, നിരവധി വിശ്വാസികള്‍ എന്നിവര്‍ ഒത്തു ചേര്‍ന്നു.

ഇനി സ്റാറ്റന്‍ ഐലന്‍ഡില്‍ അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിനുകീഴില്‍ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്ക് ഒരു ദേവാലയം മാത്രമാണുണ്ടായിരിക്കുകയുള്ളൂവെന്നും അമേരിക്കയിലെ തന്നെ, ആദ്യ മലയാളി ദേവാലയവും മലങ്കരയുടെ മഹാ പരിശുദ്ധനായ പരിശുദ്ധ പരുമല തിരുമേനിയുടെ പുണ്യ നാമത്തില്‍ സ്ഥാപിതവുമായിട്ടുള്ള മാര്‍ ഗ്രിഗോറിയോസ് ചര്‍ച്ചിന്റെ പേരു തന്നെ നിലനിര്‍ത്തുമെന്നും യല്‍ദോ മാര്‍ തീത്തോസ് പ്രഖ്യാപിച്ചു. നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ വളര്‍ച്ചയില്‍, സംയുക്ത ദേവാലയം ഒരു നാഴികക്കല്ലായിത്തന്നെ നിലനില്‍ക്കട്ടേയെന്നും അതിനായി സഭാമക്കള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മെത്രാപ്പോലീത്ത ഓര്‍മിപ്പിച്ചു.

റവ. ഡേവിഡ് ചെറുതോട്ടില്‍ കോര്‍ എപ്പിസ്കോപ്പ, റവ. വര്‍ക്കി മുണ്ടയ്ക്കല്‍ കോര്‍ എപ്പിസ്ക്കോപ്പാ, ഫാ. ഗീവര്‍ഗീസ് ജേക്കബ് (ഭദ്രാസന സെക്രട്ടറി), ഫാ. രാജന്‍ പീറ്റര്‍, ഫാ. വര്‍ഗീസ് മാലില്‍, ഷെവലിയര്‍ ഏബ്രഹാം മാത്യു, ഷെവലിയര്‍ ഈപ്പന്‍ മാളിയേക്കല്‍, സാം കോശി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പി.ഒ. ജോര്‍ജ് (കൌണ്‍സില്‍ മെംബര്‍), സാജു പൌലോസ് മാരോത്ത് (മലങ്കര ദീപം ചീഫ് എഡിറ്റര്‍, മുന്‍ ഭദ്രാസന ട്രഷറര്‍), പി.ഒ. ജേക്കബ്, ജോയി ഇട്ടന്‍ (മുന്‍ കൌണ്‍സില്‍ അംഗങ്ങള്‍) എന്നിവരും സന്നിഹിതരായിരുന്നു.

കാലം ചെയ്ത യൂഹാനോന്‍ മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്തായുടെ വേര്‍പാടില്‍ ഭദ്രാസനത്തിനും ഇടവകയ്ക്കുമുള്ള അഗാധമായ ദുഖവും അനുശോചനവും ചടങ്ങില്‍ രേഖപ്പെടുത്തി. യാക്കോബായ സഭാ വിശ്വാസം അമേരിക്കയുടെ മണ്ണില്‍ ഉറപ്പിക്കുന്നതിനും സഭാവിശ്വാസാചാരാനുഷ്ഠാനങ്ങളും പാരമ്പര്യങ്ങളും വരും തലമുറയിലേക്കു പകര്‍ന്നുകൊടുക്കുന്നതിനുമായി, മാര്‍ പീലക്സിനോസ് ചെയ്ത അശ്രാന്ത പരിശ്രമങ്ങളേയും, നിസ്വാര്‍ഥ സേവനങ്ങളേയും യോഗത്തില്‍ അനുസ്മരിച്ചു. മാര്‍ ഗ്രിഗോറിയോസ് ദേവാലയത്തിന്റെ സ്ഥാപനത്തിലും വളര്‍ച്ചയിലും അദ്ദഹത്തിന്റെ പങ്ക് വളരെ വലുതാണെന്നും പള്ളിയുടെ ചരിത്രത്തിന്റെ ഏടുകളില്‍ അതെന്നും സ്മരിക്കപ്പെടുക തന്നെ ചെയ്യുമെന്നും യല്‍ദോ മാര്‍ തീത്തോസ് ഓര്‍മിപ്പിച്ചു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍