'മെസഞ്ചര്‍' മെംബര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
Tuesday, January 12, 2016 8:33 AM IST
ഡാളസ്: നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് ഭദ്രാസനത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ മെസഞ്ചര്‍ ത്രൈമാസികയുടെ 2016ലെ മെംബര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു.

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ചില്‍ ജനുവരി ഏഴ്, എട്ട്, ഒമ്പത്, പത്ത് തീയതികളില്‍ നടന്ന ഭദ്രാസന യൂത്ത് കോണ്‍ഫറന്‍സിനോടനുബന്ധിച്ചു തുറന്ന കൌണ്ടറില്‍ പ്രമോട്ടര്‍ എബി തോമസ് മെസഞ്ചറിന്റെ മെംബര്‍ഷിപ്പ് സൈമണ്‍ പുലിക്കോട്ടിനു നല്‍കി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. അമേരിക്കയിലെ ഓരോ മാര്‍ത്തോമ കുടുംബവും മെസഞ്ചര്‍ വരിക്കാരാകണമെന്ന ലക്ഷ്യവുമായാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

ഡോ. ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് എപ്പിസ്കോപ്പ രക്ഷാധികാരിയും ഡോ. ഈപ്പന്‍ ദാനിയേല്‍ ചീഫ് എഡിറ്ററുമായി പ്രസിദ്ധീകരിക്കുന്ന മെസഞ്ചറിന് രണ്ടായിരത്തില്‍പരം വരിക്കാരുള്ളതായി ഭദ്രാസന ട്രസ്റി ഫിലിപ്പ് തോമസ് പറഞ്ഞു.

നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് ഭദ്രാസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇടവക ജനങ്ങളെ ബോധവത്കരിക്കുന്നതിനും അംഗങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുന്നതിനും ഭദ്രാസന എപ്പിസ്കോപ്പയുടെ സന്ദേശം ജനങ്ങളില്‍ എത്തിക്കുക തുടങ്ങിയവയാണ് മെസഞ്ചര്‍ ത്രൈമാസികയിലൂടെ ലക്ഷ്യമിടുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍