ഫൈന്‍ ആര്‍ട്സിന് നവനേതൃത്വം
Tuesday, January 12, 2016 8:28 AM IST
ന്യൂജേഴ്സി: ഫൈന്‍ ആര്‍ട്സ് മലയാളത്തിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി സജിനി സഖറിയ (പ്രസിഡന്റ്), ഷിബു ഫിലിപ്പ് (സെക്രട്ടറി), എഡിസണ്‍ ഏബ്രഹാം (ട്രഷറര്‍) എന്നിവരെയും സാമുവല്‍ പി. ഏബ്രഹാം, ജോര്‍ജ് തുമ്പയില്‍, സണ്ണി റാന്നി, ജിജി ഏബ്രഹാം (എക്സ് ഒഫീഷ്യോ) എന്നവരെ കമ്മിറ്റി അംഗങ്ങളായും ഓഡിറ്ററായി റോയി മാത്യവും രക്ഷാധികാരിയായി പി.ടി. ചാക്കോയും തെരഞ്ഞെടുക്കപ്പെട്ടു.

ഡിസംബര്‍ നാലിന് കൂടിയ ജനറല്‍ ബോഡി യോഗത്തിലാണു പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടന്നത്. മുന്‍ പ്രസിഡന്റ് ജോസഫ് മാത്യു കറ്റോലമഠത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയാണു യോഗം ആരംഭിച്ചത്. പ്രസിഡന്റ് ജിജി ഏബ്രഹാം അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി. ടി. ചാക്കോ സംസാരിച്ചു.

15 വര്‍ഷം പൂര്‍ത്തിയാക്കുന്ന സംഘടനയുടെ വളര്‍ച്ചയില്‍ അംഗങ്ങള്‍ സംതൃപ്തി രേഖപ്പെടുത്തി. നാടകം, നൃത്തം, ഗാനം, ചരിത്രാവിഷ്കാരം തുടങ്ങി വിവിധ കലാരൂപങ്ങള്‍ സംശുദ്ധവും സുതാര്യവുമായ ശൈലിയില്‍ ആധികാരികതയോടെ ആസ്വദക സമക്ഷം സമര്‍പ്പിച്ച സംഘടനയ്ക്കു സ്വന്തമായി രംഗപടങ്ങള്‍, ലൈറ്റിംഗ് മേയ്ക്കപ്പ് സാമഗ്രികള്‍ എല്ലാം സ്വന്തമാക്കാന്‍ കഴിഞ്ഞു. നോര്‍ത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളിലായി അമ്പതിലധികം സ്റേജുകളിലായി മുപ്പതിലധികം കലാരൂപങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. വിവിധ ധനശേഖരണ പരിപാടികള്‍ക്കായി അഞ്ചു ലക്ഷത്തിലധികം ഡോളര്‍ സംഘാടകര്‍ക്കു നേടിക്കൊടുക്കുന്നതിനും ഫൈന്‍ ആര്‍ട്സ് ചാലക ശക്തിയായി.