നോര്‍ക്ക റൂട്സ് സിഇഒയുമായി ഒഐസിസി നേതാക്കള്‍ ചര്‍ച്ച നടത്തി
Monday, January 11, 2016 9:25 AM IST
തിരുവനന്തപുരം: പ്രവാസികളുടെ ക്ഷേമ കാര്യങ്ങള്‍ നടത്തുന്നതിനും ജോലിക്കെത്തുന്നവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും നിരവധി കാര്യങ്ങള്‍ ചെയ്യുന്നതായി നോര്‍ക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആര്‍.എസ്. കണ്ണന്‍ പറഞ്ഞു.

വിവിധ പ്രവാസി വിഷയങ്ങള്‍ ഉന്നയിച്ചു ഒഐസിസി ജിദ്ദ വെസ്റേണ്‍ റീജണല്‍ പ്രസിഡന്റ് കെ.ടി.എ. മുനീറുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം പറഞ്ഞത്. തിരിച്ചുവരുന്നവരുടെ പുനരധിവാസത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. പ്രവാസി പെന്‍ഷന്‍ പദ്ധതിയില്‍ ചേരുന്നതിനുള്ള പ്രായപരിധി 60 വയസായി ഉയര്‍ത്തി. റിക്രൂട്ട്മെന്റ് തട്ടിപ്പുകള്‍ കുറയ്ക്കുന്നതിനായി നിരവധി നിബന്ധനകള്‍ ഏര്‍പ്പെടുത്തി. നഴ്സുമാരുടെ റിക്രൂട്ട്മെന്റ് നടത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നോര്‍ക്കയെ എല്‍പ്പിച്ചത് മുതലുള്ള ചുരുങ്ങിയ കാലത്തിനിടെ ആയിരത്തിലധികം പേരെ ഇന്റര്‍വ്യൂ നടത്തുവാന്‍ സാഹചര്യം ഒരുക്കി. ഇങ്ങനെ നിരവധി കാര്യങ്ങള്‍ നിര്‍വഹിക്കുവാന്‍ കഴിഞ്ഞതായും ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യുവാനുണ്െടന്നും അദ്ദേഹം പറഞ്ഞു. സൌദി അറേബ്യ അടുത്തുതന്നെ സന്ദര്‍ശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളീയസമൂഹത്തില്‍ പ്രവാസികളുടെ പണം ക്രിയാത്മകമായി വിനിയോഗിക്കുന്നതിനുള്ള കര്‍മ പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും ഗള്‍ഫിലുള്ള ബിസിനസ് സംരംഭകര്‍ക്കും ആശുപത്രികള്‍ക്കും ആവശ്യമായ ജോലിക്കാരെ കണ്െടത്തുന്നതിനു കേരളത്തില്‍ മെഗാ റിക്രൂട്ട്മെന്റ് മേള നടത്തണമെന്നും അവധിക്കാലത്ത് അന്യായമായ വിമാന ടിക്കറ്റ് ചാര്‍ജ് വര്‍ധന അവസാനിപ്പിക്കുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിമാന കമ്പനി മേധാവികളുടെ യോഗം വിളിക്കുന്നതിനു ശ്രമിക്കണമെന്നും മുനീര്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.

തൈക്കാടുള്ള നോര്‍ക ആസ്ഥാനത്ത് നടന്ന ചര്‍ച്ചയില്‍ നോര്‍ക്ക ജനറല്‍ മാനേജര്‍ ബി. ശിവപ്രസാദ്, റിക്രൂട്ട്മെന്റ് കണ്‍സള്‍ട്ടന്റ് ബി. വിവേക്, അസി. മാനേജര്‍ ഫിറോസ് ഷാ, ഒഐസിസി ഗ്ളോബല്‍ കമ്മിറ്റി മെംബര്‍ റഷീദ് കൊളത്തറ എന്നിവരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍