'പ്രവാസികാര്യ മന്ത്രാലയം നിര്‍ത്തലാക്കുന്ന നടപടി പ്രതിഷേധാര്‍ഹം'
Monday, January 11, 2016 9:12 AM IST
ദമാം: രണ്ടര കോടിയോളം വരുന്ന പ്രവാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ ലക്ഷ്യമിട്ട് രൂപവത്കരിക്കപ്പെട്ട പ്രവാസികാര്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗമാക്കി മാറ്റാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹമാണെന്നു പ്രവാസി സാംസ്കാരിക വേദി സെന്‍ട്രല്‍ കമ്മിറ്റി വ്യക്തമാക്കി.

പ്രവാസി കാര്യ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കി രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികള്‍ക്ക് സംരക്ഷണം നല്‍കേണ്ടവര്‍, നിലവിലെ സംവിധാനം ഇല്ലാതാക്കുന്നതു ന്യായീകരിക്കാവുന്നതല്ല. പ്രവാസി വകുപ്പിലെ നിരവധി വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ട വിദേശ വകുപ്പിനോപ്പം ചേര്‍ത്തു, പ്രവാസിസമൂഹത്തോട് കടുത്ത അവഗണനയാണു മോദി സര്‍ക്കാര്‍ കാണിക്കുന്നത്.

സുരക്ഷിതമായ തൊഴില്‍ മേഖല, പ്രവാസി പുനരധിവാസം, പ്രവാസികള്‍ക്ക് വരുമാന വര്‍ധനവിനുള്ള പദ്ധതികള്‍, ക്ഷേമ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ സാംസ്കാരിക ശാസ്ത്ര മേഖലകളില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുക, ധനകാര്യ എമിഗ്രേഷന്‍, മാനേജ്മെന്റ് രംഗങ്ങളിലെ സേവന പ്രവര്‍ത്തനങ്ങള്‍, യാത്രാ സൌകര്യങ്ങള്‍ തുടങ്ങിയ നിരവധി കാര്യങ്ങള്‍ പ്രവാസി വകുപ്പ് ചെയ്തുവന്നതാണ്. രാജ്യത്തിനു കോടികള്‍ വരുമാനം നല്‍കുന്ന പ്രവാസികള്‍ക്കുള്ള ചെലവ് വെട്ടിക്കുറച്ചല്ല സര്‍ക്കാര്‍ ചെലവ് ചുരുക്കേണ്ടത്. എണ്ണ വിലത്തകര്‍ച്ച ഗള്‍ഫ് പ്രവാസലോകത്ത് ആശങ്കകള്‍ വിതച്ച സന്ദര്‍ഭത്തില്‍ത്തന്നെ ഇത്തരമൊരു തീരുമാനം പുറത്തു വന്നത് പ്രവാസികളോടുള്ള കടുത്ത അവഗണനയ്ക്കുള്ള തെളിവാണ്. വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമല്ലെങ്കിലും സവിശേഷ ശ്രദ്ധയര്‍ഹിക്കുന്ന പ്രവാസി സമൂഹത്തെ കൂടുതല്‍ പ്രയാസത്തിലേക്ക് തള്ളിവിടുന്നതാണു പ്രവാസികാര്യ മന്ത്രാലയം നിര്‍ത്തലാക്കിക്കൊണ്ടുള്ള തീരുമാനമെന്നും പ്രസ്താവന കുറ്റപ്പെടുത്തി.

ലക്ഷക്കണക്കിനു വരുന്ന പ്രവാസി മലയാളികളെ ദോഷകരമായി ബാധിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ സമീപനം സ്വീകരിക്കണമെന്നു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം