അനധികൃത താമസക്കാര്‍ക്ക് പിഴയടച്ച് രാജ്യം വിടുവാന്‍ അവസരം നല്‍കി കുവൈത്ത്
Monday, January 11, 2016 7:42 AM IST
കുവൈത്ത്: നിയമലംഘകരായ അനധികൃത താമസക്കാര്‍ക്ക് രാജ്യം വിടുന്നതിനും പിഴ നല്‍കികൊണ്ട് താമസരേഖ പുതുക്കുന്നതിനും സൌകര്യം നല്‍കിക്കൊണ്ട് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. അനധികൃത താമസക്കാര്‍ക്ക് പിഴ നല്‍കിക്കൊണ്ട് താമസം നിയമവിധേയമാക്കുവാനോ അല്ലെങ്കില്‍ നിയമനടപടികള്‍ നേരിടാതെ നാട്ടിലേക്കു പോകുവാനുള്ള അവസരമാണു പുതിയ ഉത്തരവിലൂടെ സാധ്യമായിരിക്കുന്നത്. ഈ അവസരം ഉപയോഗപ്പെടുത്തുന്നവര്‍ക്കു വീണ്ടും കുവൈത്തിലേക്കു നിയമപ്രകാരം തിരിച്ചുവരാവുന്നതാണ്.

നേരത്തെ ഇത്തരം കേസുകളിള്‍ പിടിക്കപ്പെട്ട് തിരിച്ചയക്കപ്പെടുന്നവര്‍ക്ക് പിന്നീട് രാജ്യത്ത് പ്രവേശിക്കുവാന്‍ കഴിയുമായിരുന്നില്ല. രാജ്യത്തെ എല്ലാ പാസ്പോര്‍ട്ട് ഒഫിസികളിലും പിഴകള്‍ സ്വീകരിക്കാനുള്ള സൌകര്യങ്ങള്‍ ഒരുക്കിയതായി അഭ്യന്തര മന്ത്രാലയം ഡയറക്ടര്‍ ഓഫ് പബ്ളിക് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ വിഭാഗം മേധാവി ബ്രിഗേഡിയര്‍ ആദല്‍ അല്‍ ഹഷാഷ് അറിയിച്ചു. അതിനിടെ രാജ്യവ്യാപകമായി കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സെക്യൂരിറ്റി പരിശോധനയില്‍ പിടികൂടിയ അനധികൃത താമസക്കാരില്‍നിന്നു പിഴ ഈടാക്കിയതിനുശേഷം മാത്രമേ നാടുകടത്തുകയുള്ളൂവെന്ന് മന്ത്രാലയം വ്യക്തമാക്കി. അനധികൃത താമസക്കാരെ പിടികൂടി നാടു കടത്തുന്നതിനുള്ള പരിശോധന വരുംദിവസങ്ങളിലും കൂടുതല്‍ ശക്തമാക്കുമെന്നാണ് അറിയുന്നത് . രാജ്യത്തെ വിദേശികള്‍ തങ്ങളുടെ താമസ രേഖകള്‍ എപ്പോഴും കൈയില്‍ സൂക്ഷിക്കണമെന്നും പരിശോധനയില്‍ സഹകരിക്കണമെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍