ഫൊക്കാന കണ്‍വെന്‍ഷന് കൌണ്ട് ഡൌണ്‍ തുടങ്ങി
Saturday, January 9, 2016 10:37 AM IST
ടൊറേന്റോ: കാനഡയിലെ ടൊറേന്റോയില്‍ ജൂലൈ ഒന്നു മുതല്‍ നാലു വരെ നടത്തുന്ന ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

നാലു ദിവസങ്ങളിലായി അരങ്ങേറുന്ന കണ്‍വന്‍ഷനിലേക്ക് നോര്‍ത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്കാരിക പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും സ്വീകരിക്കാന്‍ ടൊറന്റോയിലെ മാറക്കാനാ സിറ്റിയിലുള്ള ഹില്‍ട്ടണ്‍ സ്യൂട്ട് ഒരുങ്ങിക്കഴിഞ്ഞു. ഫൊക്കാനയുടെ ചരിത്രത്തില്‍ ആദ്യമായി ഹോട്ടല്‍ സമുച്ചയത്തിനു പുറത്തുപോകാതെ തന്നെ കേരളത്തനിമയാര്‍ന്ന തനി നാടന്‍ ഭക്ഷണമൊരുക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിക്കഴിഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടന ആയ ഫൊക്കാനയുടെ ജനറല്‍ കണ്‍വന്‍ഷന് ടൊറന്റോ മലയാളി സമാജമാണ് ആതിഥ്യം വഹിക്കുന്നത്.

കാനഡയില്‍ നടക്കുന്ന ഫൊക്കാനയുടെ മഹോത്സവം എന്നതിലുപരി അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടന ആയ ഫൊക്കാന മുപ്പതു വര്‍ഷങ്ങളുടെ ചരിത്ര നിയോഗത്തില്‍ കൂടി കടന്നു പോകുന്നു എന്ന പ്രത്യേകത കൂടി ഉണ്ട് ഈ കണ്‍വന്‍ഷന്.

കണ്‍വന്‍ഷന്റെ മുന്നോടിയായി നടക്കുന്ന കണ്‍വന്‍ഷന്‍ കിക്കോഫ് ഗംഭീരമായി ആഘോഷിക്കുവാനുള്ള തയാറെടുപ്പുകളിലാണ് എല്ലാ അംഗസംഘനകളും.

വളരെ ചിട്ടയോടു കൂടിയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടതായി പ്രസിഡന്റ് ജോണ്‍ പി.ജോണ്‍,സെക്രട്ടറി വിനോദ് കെയാര്‍ക്കെ, ട്രഷറര്‍ ജോയ് ഇട്ടന്‍ തുടങ്ങിയവര്‍ അറിയിച്ചു. യുവജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടുന്ന മഹോത്സവമാകും ഫൊക്കാന കണ്‍വന്‍ഷന്‍ എന്ന് ഫൊക്കാന ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍