ഒരു വെടിക്ക് രണ്ടു 'പക്ഷികള്‍' അല്ല 'മാനുകള്‍'
Thursday, January 7, 2016 8:10 AM IST
മിസോറി: ഒരു വെടിക്ക് രണ്ടു പക്ഷി എന്നു പറയാറുണ്െടങ്കിലും ഒരു വെടിക്ക് രണ്ടു മാനുകള്‍ കൊല്ലപ്പെടുക. അതും ഏഴു വയസുകാരന്റെ തോക്കില്‍നിന്ന്. കൌതുകം ജനിപ്പിക്കുന്ന ഈ സംഭവം നടന്നത് അമേരിക്കയിലെ മിസോറിയിലാണ്.

യൂത്ത് ഹണ്ടിംഗ് ദിനമായ ജനുവരി രണ്ടിന് എറിക്-മെഗന്‍ ദമ്പതികളുടെ ഏഴു വയസുകാരനായ കാഷ് കോച്ചിന്റെ വേട്ടയാടല്‍ കൂടിനിന്നവരെ അദ്ഭുതപ്പെടുത്തി. ഒരു വെടിക്ക് രണ്ടു മാനുകളെ വേട്ടയാടല്‍ വളരെ ദുഷ്കരമായിരിക്കെ, വളരെ ദൂരെനിന്നിരുന്ന മാനിനു നേരെ 243 സ്കോപ്ഡ് റൈഫിള്‍ ഉപയോഗിച്ച് കാഷ് വെടിയുതിര്‍ത്തു. വെടിയേറ്റ മാന്‍ വീഴുന്നതുകണ്ട് കാഷിനോടൊപ്പം മാതാപിതാക്കളും ഓടി എത്തി. വെടിയേറ്റു വീണ മാനിനൊപ്പം മറ്റൊരു മാന്‍കൂടി. കാഷ് കോച്ചിന്റെ ആദ്യ വേട്ടയാടലായിരുന്നിത്. മകനെ കുറിച്ച് താന്‍ അഭിമാനം കൊള്ളുന്നതായി പിതാവ് എറിക് പറഞ്ഞു.

യൂത്ത് ഹണ്ടിംഗിന്റെ അവസാന ദിവസമായിരുന്ന ശനിയാഴ്ച കുട്ടി വേട്ടക്കാര്‍ 2,520 മാനുകളെയാണ് വേട്ടയാടിയതെന്ന് മിസോറി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കണ്‍സര്‍വേഷന്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍