ഡാളസില്‍ ഫോമ കിക്കോഫ് ചെയ്തു
Wednesday, January 6, 2016 10:15 AM IST
ഡാളസ്: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമ) പ്രദേശിക കിക്കോഫ് വിവിധ സാംസ്കാരിക സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്ളാനോ ബാങ്ക്വറ്റ് ഹാളില്‍ അരങ്ങേറി.

എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനും വ്യവസായിയുമായ ബിനോയി സെബാസ്റ്യന്‍ ആദ്യ ചെക്ക് ഫോമ പ്രസിഡന്റ് ആനന്ദ് നിരവേലിനു കൈമാറി കിക്കോഫ് ഉദ്ഘാടനം ചെയ്തു.

അമേരിക്കന്‍ വിദ്യഭ്യാസരംഗത്തു കേരളീയ യുവത്വത്തിന്റെ വളര്‍ച്ച അഭിമാനകരമാണെന്നു പറഞ്ഞ ആനന്ദന്‍, കേരളീയ സാംസ്കാരിക തനിമയോടെ ജൂലൈ ഏഴു മുതല്‍ 10 വരെ മയാമി ഡ്യൂവില്‍ ബീച്ച് റിസോര്‍ട്ടില്‍ (അബ്ദുള്‍ കലാം നഗറില്‍) നടക്കുന്ന ഫോമ കണ്‍വന്‍ഷനിലേക്ക് ഏവരെയും സ്വാഗതം ചെയ്തു.

ഫോമയുടെ സാംസ്കാരികവും രാഷ്ട്രീയപരവുമായ ചരിത്രം വിശദീകരിച്ച ഫോമ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ രാജു ചാമത്തില്‍, മുന്‍കാല ദേശീയ കമ്മിറ്റികളുടെയും പ്രസിഡന്റുമാരുടെയും സംഭാവനകളെ വിലയിരുത്തുകയും അമേരിക്കയിലെ വിവിധ മേഖലകളില്‍ ഇന്ത്യന്‍ യുവാക്കളുടെ സജീവമായ സാന്നിധ്യം അനിവാര്യമായ കാലഘട്ടമാണിതെന്നും അഭിപ്രായപ്പെട്ടു.

ഡാളസ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ബിജു തോമസ്, സെക്രട്ടറി സാം മത്തായി മുന്‍ പ്രസിഡന്റുമാരായ തൊമ്മച്ചന്‍ മുകളേല്‍, സുജന്‍ കാക്കനാട്, എടത്വ രവികുമാര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.