കുവൈത്ത് കെഎംസിസി ലത്തീഫ യൂണിറ്റ് ബൈത്തുറഹ്മ താക്കോല്‍ദാനം ജനുവരി ഒമ്പതിന്
Wednesday, January 6, 2016 8:20 AM IST
കുവൈത്ത്: കുവൈത്ത് കെഎംസിസി ലത്തീഫ യൂണിറ്റ് പെരുമ്പാവൂരില്‍ നിര്‍മിച്ചു നല്‍കിയ ബൈത്തുറഹ്മയുടെ ഉദ്ഘാടനം ജനുവരി ഒമ്പതിന് (ശനി) വൈകുന്നേരം പെരുമ്പാവൂരില്‍ നടക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു. കേരളത്തില്‍ ആയിരത്തിലേറെ ബൈത്തുറഹ്മ വീടുകള്‍ ശിഹാബ് തങ്ങളുടെ പേരില്‍ മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ ഇതുവരെയായി നിര്‍മിച്ച് നല്‍കിയിട്ടുണ്ട്. ചടങ്ങില്‍ ബൈത്തുറഹ്മ താക്കോല്‍ദാനം പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. കുവൈത്ത് കെഎംസിസി ചെയര്‍മാന്‍ സയിദ് നാസര്‍ മശ്ഹൂര്‍ തങ്ങള്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുസ്ലിം ലീഗിന്റെ സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കളും കുവൈത്ത് കെഎംസിസി ഭാരവാഹികളും ഏരിയ യൂണിറ്റ് പ്രതിനിധികളും പ്രവര്‍ത്തകരും സംബന്ധിക്കും.

മാര്‍ച്ചില്‍ ആരംഭിച്ച വീട് നിര്‍മാണം പത്തു മാസംകൊണ്ടാണു ലത്തീഫ യൂണിറ്റ് പൂര്‍ത്തീകരിച്ചത്. കുവൈത്തിലെ സാധാരണക്കാരായ കെഎംസിസി പ്രവര്‍ത്തകരുടേയും ഉദാരമതികളായ അനുഭാവികളുടേയും സഹായഹസ്തങ്ങളാണ് പൊതുസേവനരംഗത്ത് സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനമായ ബൈത്തുറഹ്മ പദ്ധതി എളുപ്പത്തില്‍ നടപ്പിലാക്കുവാന്‍ സഹായകരമായതെന്നു ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍