ഹില്ലരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം: ക്ളിന്റണ്‍ രംഗത്ത്
Tuesday, January 5, 2016 7:48 AM IST
ന്യൂഹാംപ്ഷയര്‍: 2016ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വം ഉറപ്പാക്കിയ ഹില്ലരി ക്ളിന്റന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റും ഭര്‍ത്താവുമായ ബില്‍ ക്ളിന്റണ്‍ രംഗത്ത്.

ബില്‍ ക്ളിന്റണ്‍ പ്രചാരണ രംഗത്തിറങ്ങിയതോടെ ഹില്ലരി ക്യാമ്പ് കൂടുതല്‍ സജീവമായി. പ്രസിഡന്റ് ഒബാമയുടെ പിന്തുണ നേരത്തെ ഉറപ്പാക്കിയ ഹില്ലരി മാര്‍ച്ചില്‍ നടക്കുന്ന പ്രൈമറി തെരഞ്ഞെടുപ്പില്‍ അനായാസ വിജയം നേടുമെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍.

ന്യൂഹാംപ്ഷയര്‍ കമ്യൂണിറ്റി കോളജില്‍ നടന്ന തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തിന് ഏറ്റവും അനുയോജ്യമായ സ്ഥാനാര്‍ഥി ഹില്ലരിയാണെന്നു ക്ളിന്റണ്‍ വ്യക്തമാക്കി.

അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും സുരക്ഷിതത്വത്തിനും ഹില്ലരി മുന്നോട്ടു വച്ചിരിക്കുന്ന പദ്ധതികള്‍ കാലാനുസൃതവും പ്രായോഗികവുമാണെന്ന് ക്ളിന്റണ്‍ പറഞ്ഞു.

റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥികളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഡൊണാള്‍ഡ് ട്രമ്പിന്റെ ആരോപണങ്ങളെക്കുറിച്ചു തികച്ചും നിശബ്ദത പാലിച്ച ക്ളിന്റണ്‍ ഹില്ലരിക്കെതിരെ ശക്തനായ എതിരാളിയെ കണ്െടത്തുന്നതില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടി പരാജയപ്പെട്ടതായി ചൂണ്ടിക്കാട്ടി. മകള്‍ ചെല്‍സിയ ക്ളിന്റണും തെരഞ്ഞെടുപ്പു രംഗത്ത് സജീവമാണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍