ഡാളസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ മഹാമണ്ഡല പൂജ നടത്തി
Monday, January 4, 2016 8:07 AM IST
ഡാളസ്: വൃശ്ചികം ഒന്നു മുതല്‍ ആരംഭിച്ച മണ്ഡലകാല പൂജകള്‍ക്കു വിരാമം കുറിച്ചുകൊണ്ടുള്ള മഹാമണ്ഡല പൂജ ശ്രീ ധര്‍മശാസ്താവിന്റെ സന്നിധിയില്‍ നടന്നു.

ക്ഷേത്രത്തിന്റെ സ്പിരിച്വല്‍ ഹാളില്‍ ഗുരുസ്വാമിമാരായ ഗോപാല പിള്ള, സോമന്‍ നായര്‍, ഉണ്ണിനായര്‍ എന്നിവര്‍ ചേര്‍ന്ന് ഇരുമുടികള്‍ നിറച്ചു കെട്ടി. വ്രതശുദ്ധിയോട് മുദ്രമാല അണിഞ്ഞ അയ്യപ്പന്മാരും മാളികപ്പുറങ്ങളും ഇരുമുടി കെട്ടുകളും ശിരസിലേറി നടത്തിയ ശരണ ഘോഷയാത്ര, ശബരിമലയിലേക്കുള്ള കാനനയാത്രയെ അനുസ്മരിപ്പിക്കുന്നതായിരുന്നു.

സന്നിധാനത്തില്‍ ഇരുമുടി കെട്ടുകള്‍ ഇറക്കിവച്ചതിനുശേഷം ക്ഷേത്ര മേല്‍ശാന്തിമാരായ വിനയന്‍ നീലമനയും മാധവന്‍ നമ്പൂതിരിയും പൂജകള്‍ നിര്‍വഹിച്ചു. ശ്രീധര്‍മശാസ്താവിന്റെ വിഗ്രഹത്തില്‍ വിവിധ കലശങ്ങള്‍ ആടുന്നത് അയ്യപ്പന്‍ ഭക്തര്‍ ദര്‍ശിച്ചു. ശരണം വിളികള്‍ കൊണ്ടും അയ്യപ്പ ഭജനകള്‍ കൊണ്ടും ക്ഷേത്രം നിറഞ്ഞുകവിഞ്ഞ ഭക്തഇനങ്ങള്‍, ഭക്തിസാന്ദ്രമായ അന്തരീക്ഷം സൃഷ്ടിച്ചു. തിരുവാഭരണം അണിഞ്ഞ് അലങ്കാരങ്ങളാല്‍ പ്രശോഭിച്ച മണികണ്ഠ സ്വാമിയുടെ അനുഗ്രഹങ്ങള്‍ ഏവരും ഏറ്റുവാങ്ങി. ജനുവരി 14നു നടക്കുന്ന മകരവിളക്കോടെ ഈ വര്‍ഷത്തെ അയ്യപ്പ പൂജകള്‍ സമാപിക്കുമെന്നു കേരള ഹിന്ദു സൊസൈറ്റി ഓഫ് നോര്‍ത്ത് ടെക്സസ് പ്രസിഡന്റ് ഗോപാല പിള്ളയും ട്രസ്റി ചെയര്‍മാന്‍ ഹരി പിള്ളയും അറിയിച്ചു.

റിപ്പോര്‍ട്ട്: സന്തോഷ് പിള്ള