ദുബായി കെഎംസിസിയുടെ 'സ്നേഹസ്പര്‍ശം'
Monday, January 4, 2016 8:04 AM IST
ദുബായി: കേരള സര്‍ക്കാരിന്റെ സാമൂഹ്യനീതിവകുപ്പിനു കീഴിലുള്ള പുനരധിവാസ കേന്ദ്രങ്ങളുടെ പശ്ചാത്തല സൌകര്യ വികസനത്തിനും അന്തേവാസികളുടെ ക്ഷേമത്തിനുമായി ദുബായി കെഎംസിസി 'സ്നേഹസ്പര്‍ശം' പദ്ധതി നടപ്പാക്കുന്നു.

കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷനുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയില്‍ സൌദി അറേബ്യയിലും ഇന്ത്യയിലും പ്രവര്‍ത്തിക്കുന്ന അല്‍ അബീര്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ആലുങ്ങല്‍ മുഹമ്മദാണ് പുനരധിവാസ കേന്ദ്രങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ കെഎംസിസിക്കുവേണ്ടി സംഭാവന ചെയ്യുന്നത്.

സാമൂഹ്യ നീതി ദിനമായി സര്‍ക്കാര്‍ ആചരിക്കുന്ന ജനുവരി ഏഴിന് (വ്യാഴം) രാവിലെ 11നു കോഴിക്കോട് സ്വപ്നനഗരിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 70 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ പുനരധിവാസ കേന്ദ്രങ്ങള്‍ക്കായി സമര്‍പ്പിക്കും.

'സ്നേഹസ്പര്‍ശം' പദ്ധതിയുടെ ഭാഗമായി ദുബായി കെഎംസിസി നല്‍കുന്ന ഉപകരണങ്ങള്‍ മന്ത്രി എം.കെ. മുനീര്‍, മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ എന്നിവരുടെ സാന്നിധ്യത്തില്‍ പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യമന്ത്രിക്കു കൈമാറും.

സാമൂഹ്യനീതി വകുപ്പുമായി സഹകരിച്ച് ഒരു സന്നദ്ധസംഘടന ഇത്തരമൊരു സേവന പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുന്നത് ആദ്യമാണ്. നൂതനമായ ആശയാവിഷ്കാരത്തിലൂടെ പ്രവാസലോകത്ത് നിറസാന്നിധ്യമായ ദുബായി കെഎംസിസിക്കുവേണ്ടി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹയും ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടിയും സാമൂഹ്യനീതിവകുപ്പ് മന്ത്രി ഡോ. എം.കെ. മുനീറുമായി ഒപ്പുവച്ച ധാരണപ്രകാരമാണു പദ്ധതി നടപ്പാക്കുന്നത്.

സംസ്ഥാന ആരോഗ്യവകുപ്പുമായി സഹകരിച്ച് 'ഉറവ്' കുടിവെള്ള പദ്ധതിയും ഇതിനുമുമ്പ് ദുബായി കെഎംസിസി നടപ്പാക്കിയിട്ടുണ്ട്. 40 ലക്ഷം രൂപ ചെലവില്‍ കേരളത്തിലെ മുഴുവന്‍ താലൂക്ക് ആശുപത്രികളിലുമാണ് ഇതുവഴി വാട്ടര്‍ ഡിസ്പെന്‍സറുകള്‍ സ്ഥാപിക്കപ്പെട്ടത്.

കേരളത്തിലെ വിവിധ ജില്ലകളിലായി വികലാംഗ സദനങ്ങള്‍, പ്രതീക്ഷാ ഭവനുകള്‍, ആശാകേന്ദ്രങ്ങള്‍, വൃദ്ധസദനങ്ങള്‍ കുട്ടികള്‍ക്കായുള്ള പ്രത്യേക പരിഗണനാകേന്ദ്രങ്ങള്‍ എന്നിങ്ങനെ 14 കേന്ദ്രങ്ങളിലാണു'സ്നേഹസ്പര്‍ശം' പദ്ധതിവഴി ദുബായി കെഎംസിസിയുടെ കനിവിന്റെ തണലൊരുങ്ങുന്നത്. എല്ലാ സെന്ററുകളിലും കെഎംസിസി തന്നെ ഉപകരണങ്ങള്‍ നേരിട്ട് എത്തിക്കും. പദ്ധതിക്കാവശ്യമായിവരുന്ന ചെലവ് ദുബായി കെഎംസിസിയും സാമൂഹ്യനീതി വകുപ്പും 1:1 അനുപാതത്തില്‍ വഹിക്കും.

ദുബായി കെഎംസിസി ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറര്‍ എ.സി. ഇസ്മായില്‍ എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍