ക്രിസ്മസ്-പുതുവത്സരാഘോഷവും, അമര്‍ജിത്ത് സോഹിക്കു സ്വീകരണവും
Monday, January 4, 2016 7:13 AM IST
എഡ്മണ്ടന്‍: സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയിലെ ക്രിസ്മസ് - പുതുവത്സരാഘോഷം 2015 ഡിസംബര്‍ 24-നു രാത്രി 11 മണിക്കുള്ള പാതിരാ കുര്‍ബാനയോടെ ആരംഭിച്ചു. ഇടവക വികാരി ഫാ. ഡോ. ജോണ്‍ കുടിയിരുപ്പില്‍ നേതൃത്വം നല്‍കിയ വിശുദ്ധ കുര്‍ബാനയില്‍ ഇടവക ജനം ഒന്നാകെ പങ്കെടുത്തു.

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഇടവകാംഗങ്ങള്‍, വികാരിയച്ചന്‍ വെഞ്ചരിച്ച് മുറിച്ച കേക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നുകൊണ്ട് എല്ലാവരും പങ്കുവച്ചു. ഡിസംബര്‍ 28-നു നടന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം കൂട്ടായ്മ അടിസ്ഥാനത്തില്‍ കരോള്‍ ഗാന മത്സരം ആരംഭിച്ചു. ഇടവകയിലെ ആറു കൂട്ടായ്മകളില്‍നിന്നു കുട്ടികളും മുതിര്‍ന്നവരുമായി പാടിയ കരോള്‍ ഗാനങ്ങള്‍ ഗൃഹാതുരത്വമുണര്‍ത്തുന്നതായി. വാശിയോടെ ഏവരും പങ്കെടുത്ത കരോള്‍ ഗാനത്തില്‍, പരമ്പരാഗത കരോള്‍ ഗാനങ്ങളോടൊപ്പം പുതുതലമുറയുടെ ഗാനങ്ങളും കേള്‍വിക്കാര്‍ക്ക് ഇമ്പമേകി. പുറത്തുനിന്നും പ്രത്യേകം ക്ഷണിച്ച മൂന്നു വിധികര്‍ത്താക്കളായിരുന്നു മത്സരത്തിന്റെ വിധി പ്രഖ്യാപിച്ചത്. ഒന്നാം സമ്മാനമായ എവര്‍റോളിംഗ് ട്രോഫി സെന്റ് ജൂഡ് കൂട്ടായ്മയും രണ്ടാം സമ്മാനം സെന്റ് തോമസ് കൂട്ടായ്മയും മൂന്നാം സമ്മാനം സെന്റ് മേരീസ് കൂട്ടായ്മയും നേടി.

തുടര്‍ന്ന് പൂജാ ഡാന്‍സോടെ ആരംഭിച്ച കള്‍ച്ചറല്‍ പ്രോഗ്രാമില്‍ മുഖ്യാതിഥി ഇന്ത്യന്‍ വംശജനും, ഫെഡറല്‍ മിനിസ്ററുമായ അമര്‍ജിത്ത് സോഹി ആയിരുന്നു. കേരള പരമ്പരാഗത ശൈലിയില്‍ ചെണ്ടമേളത്തോടും, കുട്ടികളുടെ താലപ്പൊലിയോടുംകൂടിയാണ് ഇടവക വികാരിയും ജനങ്ങളും സോഹിയെ അതിശയിപ്പിച്ചുകൊണ്ട് സ്വീകരിച്ച് ആനയിച്ചത്. എഡ്മണ്ടനിലെ മില്‍വുഡ്സിന്റെ പ്രതിനിധിയായി വിജയിച്ച സോഹി അതിനു മുമ്പ് മൂന്നുതവണ സിറ്റി കൌണ്‍സിലര്‍ ആയിരുന്നു. കൌണ്‍സിലറായിരുന്നപ്പോള്‍ എഡ്മണ്ടനിലെ ഗതാഗത സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ സോഹി പ്രത്യേക താത്പര്യം കാണിച്ചിരുന്നു. ഇതിനു മുമ്പ് 2014-ജൂണില്‍ നടത്തിയ സമ്മര്‍ ബിബിക്യൂവില്‍ ആണു സോഹി അവസാനമായി ഇടവക ജനങ്ങളെ സന്ദര്‍ശിച്ചത്.

പുല്‍ക്കൂട് മത്സരത്തിലെ വിജയികള്‍ക്കും, കരോള്‍ ഗാന മത്സരത്തിലെ വിജയികള്‍ക്കും സോഹി സമ്മാനങ്ങള്‍ നല്‍കി. കാനഡ ഫെഡറല്‍ ഗവണ്‍മെന്റില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കമ്യൂണിറ്റീസ് മിനിസ്റായ സോഹിക്ക് ഇടവകയുടെ പേരില്‍ ജോയിന്റ് കമ്മിറ്റി അംഗങ്ങള്‍ മൊമെന്റോ നല്‍കി. തുടര്‍ന്നു മാതൃജ്യോതിസ് അവതരിപ്പിച്ച ക്രിസ്ത്യന്‍ ഒപ്പനയും, കുള്ളന്‍ ഡാന്‍സും അരങ്ങേറി. സംഘഗാനങ്ങളും, വിവിധയിനം നൃത്തരൂപങ്ങളും, സ്കിറ്റും പരിപാടിക്ക് മികവേകി. ഉണ്ണീശോയുടെ തിരുപ്പിറവി പുനര്‍ആവിഷ്കരിക്കപ്പെട്ട നേറ്റിവിറ്റി സ്കിറ്റ് കാണികളില്‍ പുതുമയുണര്‍ത്തി. ഇടവക സെക്രട്ടറി രദീപ് ജോസ് കൃതജ്ഞത നേര്‍ന്നു. എഴുന്നൂറോളം വിശ്വാസികള്‍ ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നു. അതിനുശേഷം നടന്ന സ്നേഹവിരുന്നും വേറിട്ടുനിന്നു. കൂട്ടായ്മാ അടിസ്ഥാനത്തില്‍ വ്യക്തികള്‍ വീടുകളില്‍നിന്നു തയാറാക്കി കൊണ്ടുവന്ന ഭക്ഷണങ്ങള്‍ ഏറെ സ്വാദിഷ്ടമായിരുന്നു. മിനു വര്‍ക്കി കളപ്പുരയില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം