ബ്രാംപ്ടണില്‍ മഹാഗണപതിഹോമം സംഘടിപ്പിച്ചു
Saturday, January 2, 2016 8:25 AM IST
ബ്രാംപ്ടണ്‍: കാനഡയിലെ ബ്രാംപ്ടണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ എല്ലാ പുതുവര്‍ഷദിനത്തിലും നടത്തിവരാറുള്ള മഹാഗണപതി ഹോമം ഇത്തവണയും നൂറുകണക്കിന് ഭക്തരുടെ സാന്നിധ്യത്തില്‍ നടന്നു.

തന്ത്രി ദിവാകരന്‍ നമ്പൂതിരി, മനോജ് തിരുമേനി എന്നിവര്‍ കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി. ചടങ്ങുകള്‍ക്കുശേഷം നടന്ന പൊതുയോഗത്തില്‍ ക്ഷേത്രത്തിന്റെ നിര്‍മാണ പുരോഗതി ട്രസ്റി ഡോ. പി.കെ. കുട്ടി വിശദീകരിച്ചു. നിര്‍മാണ പ്രവര്‍ത്തനത്തിന്റെ രണ്ടാംഘട്ടം ഷഡാധരപ്രതിഷ്ഠയോടുകൂടി ഏപ്രില്‍ ആരംഭിക്കുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. പ്രതിഷ്ഠാപീഠത്തില്‍ നിറയ്ക്കുന്ന നിധികുംഭങ്ങളും നവധാന്യങ്ങളും ഭക്തര്‍ വീടുകളില്‍ നടക്കുന്ന നാമജപപൂജയില്‍നിന്ന് ശേഖരിക്കും. ഇനിയും നാമജപപൂജകള്‍ നടത്തിയിട്ടില്ലാത്തവര്‍ എത്രയും വേഗം അവ പൂര്‍ത്തീകരിക്കുവാന്‍ ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

ജനുവരി മുതല്‍ ക്ഷേത്ര പ്രവര്‍ത്തിസമയത്തില്‍ വരുത്തിയ പുതിയ സമയക്രമം

പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ ഏഴു മുതല്‍ ഒമ്പതു വരെയും വൈകുന്നേരം അഞ്ചു മുതല്‍ രാത്രി എട്ടുവരെയും ശനി, ഞായര്‍, അവധി ദിവസങ്ങളില്‍ രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകുന്നേരം നാലു മുതല്‍ രാത്രി എട്ടുവരെയുമാണ്.

ദീപാരാധന എല്ലാ ദിവസവും വൈകുന്നേരം ഏഴിന് തുടങ്ങും. നട അയ്ക്കുന്നതിന് അര മണിക്കൂര്‍ മുമ്പുവരെ മാത്രമേ പൂജാദി നേര്‍ച്ചകള്‍ സ്വീകരിക്കൂ എന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഹരികുമാര്‍ മാന്നാര്‍