ഡാളസില്‍ ചുഴലിക്കാറ്റ്: 1.2 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടം
Thursday, December 31, 2015 8:17 AM IST
ഡാളസ്: നോര്‍ത്ത് ടെക്സസിലെ ഗാര്‍ലന്റ്, റൌലറ്റ്, സണ്ണിവെയില്‍ സിറ്റികളില്‍ ഡിസംബര്‍ 26ന് വീശിയടിച്ച ചുഴലിക്കാറ്റ് വരുത്തിയ നാശനഷ്ടം 1.2 ബില്യണ്‍ ഡോളറാണെന്ന് ഇന്‍ഷ്വറന്‍സ് കൌണ്‍സില്‍ ഓഫ് ടെക്സസ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഗാര്‍ലന്റ് സിറ്റിയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്. ട്രിപ്പ് റോഡില്‍ പുതിയതായി പണികഴിപ്പിച്ചിരിക്കുന്ന നിരവധി വീടുകളുടെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. റോഡിനിരുവശവും വൃക്ഷങ്ങളും കടപുഴകി വീണു. ഇവിടെ എട്ടുപേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച നഷ്ടപ്പെട്ട വൈദ്യുതി ബന്ധം ബുധനാഴ്ച വരെ പല സ്ഥലങ്ങളിലും പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ദുരന്തത്തിനിരയായവരില്‍ നിരവധി മലയാളി കുടുംബങ്ങളും പെടുന്നു.

സണ്ണിവെയ്ല്‍ സിറ്റിയിലെ ഹോം സ്റെഡ് ഹൌസിംഗ് കോംപ്ളക്സില്‍ എട്ടോളം മലയാളികളുടെ വീടുകള്‍ പൂര്‍ണമായോ ഭാഗിഗമായോ തകര്‍ന്നിട്ടുണ്ട്.

ഡാളസില്‍ വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായാണു ചുഴലിക്കാറ്റ് ഇത്രയധികം നാശം വിതച്ചത്. ചുഴലിക്കാറ്റിനെ പ്രതിരോധിക്കാനുള്ള മുന്‍കരുതലുകളൊന്നും ഡാളസ് കൌണ്ടിയിലുള്ള വീടുകളില്‍ ഇല്ല എന്നുള്ളത് നാശനഷ്ടങ്ങളുടെ തോത് വര്‍ധിപ്പിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍