ഹൂസ്റണ്‍ എക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍ ഭക്തിസാന്ദ്രമായി
Wednesday, December 30, 2015 9:10 AM IST
ഹൂസ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്യൂണിറ്റി ഓഫ് ഹൂസ്റണിന്റെ ആഭിമുഖ്യത്തില്‍ 34-ാമത് ക്രിസ്മസ് ആഘോഷം ഭക്തിസാന്ദ്രമായി.

ഡിസംബര്‍ 25ന് വൈകുന്നേരം അഞ്ചു മുതല്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷ പരിപാടികള്‍.

ഹൂസ്റണിലെ 18 ഇടവകകളില്‍നിന്നുള്ള പ്രതിഭകള്‍ ആഘോഷ പരിപാടികളില്‍ ഐസിഇസിഎച്ച് ക്വയര്‍ അംഗങ്ങളും വൈദികരും അതിഥികളും വേദിയിലേക്ക് വന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി.

വൈസ് പ്രസിഡന്റ് ഫാ. ഏബ്രഹാം സഖറിയ ആമുഖ പ്രസംഗം നടത്തി. റവ. സഖറിയ പുന്നൂസ് കോര്‍എപ്പിസ്കോപ്പ പ്രാരംഭ പ്രാര്‍ഥന നടത്തി. തുടര്‍ന്നു ഫാ. ജോസഫ് കല്ലാടന്റെ നിര്യാണത്തില്‍ അനുശോചിച്ചു. സെക്രട്ടറി ഡോ. അന്ന കെ. ഫിലിപ്പ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് റവ. സഖറിയ പുന്നൂസ് കോര്‍എപ്പിസ്കോപ്പ അധ്യക്ഷ പ്രസംഗം നടത്തി. അലീന സന്തോഷ്, രാഹുല്‍ വര്‍ഗീസ് എന്നിവര്‍ വേദഭാഗങ്ങള്‍ വായിച്ചു.

ചടങ്ങില്‍ മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധ്യക്ഷന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് മുഖ്യാഥിതിയായി പങ്കെടുത്ത് ക്രിസ്മസ് സന്ദേശം നല്‍കി. വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന സ്തോത്രകാഴ്ചയെപ്പറ്റി റവ. ഡോ. സജു മാത്യു പ്രസ്താവന നടത്തി. റവ. കെ.ബി. കുരുവിള പ്രാര്‍ഥന നടത്തി. എക്യുമെനിക്കല്‍ കമ്യൂണിറ്റിയുടെ ഭാവിപരിപാടികളെപ്പറ്റി പിആര്‍ഒ റവ. കൊച്ചു കോശി ഏബ്രഹാം പ്രസ്താവന നടത്തി.

യൂത്ത് ബാന്‍ഡിന്റെ പ്രയിസ് ആന്‍ഡ് വര്‍ഷിപ്പിനുശേഷം യുവജനങ്ങള്‍ക്കുവേണ്ടി എമില്‍ സൈമണ്‍ ക്രിസ്മസ് സന്ദേശം നല്‍കി. കള്‍ച്ചറല്‍ പ്രോഗ്രാമില്‍നിന്നും സമാഹരിച്ച പണം ട്രഷറര്‍ റോബിന്‍ ഫിലിപ്പും റവ. സഖറിയ പുന്നൂസ് കോര്‍ എപ്പിസ്കോപ്പയും ചേര്‍ന്ന് സെന്റ് തോമസ് സിഎസ്ഐ ചര്‍ച്ച് വികാരി റവ. അല്‍ഫാ വര്‍ഗീസിനെ എല്‍പ്പിച്ചു. സിഎസ്ഐ സഭയുടെ ഒഡീഷ മിഷനുവേണ്ടി ഈ തുക വിനിയോഗിക്കും.

തുടര്‍ന്ന് വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറി. ട്രഷറര്‍ റോബിന്‍ എം. ഫിലിപ്പ് നന്ദി പറഞ്ഞു. ഇന്ദിര ജയിംസ്, ജോര്‍ഡി ഡാനിയേല്‍ എന്നിവര്‍ എംസിമാരായിരുന്നു. ഫാ. ബിനു ജോസഫിന്റെ പ്രാര്‍ഥനയോടെ ആഘോഷങ്ങള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി