സ്കിഫ് സ്കോളര്‍ഷിപ്പ് മീറ്റ് സംഘടിപ്പിച്ചു
Wednesday, December 30, 2015 9:04 AM IST
ദമാം: സൌദി കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ സാമൂഹ്യ സേവന സംരംഭമായ സ്കിഫില്‍ നിന്നും സ്കോളര്‍ഷിപ്പ് ലഭിക്കുന്ന വിദ്യാര്‍ഥികളുടെ സംഗമം സംഘടിപ്പിച്ചു.

ഓരോ വര്‍ഷവും കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത നിര്‍ധനരായ നൂറോളം വിദ്യാര്‍ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ് നല്‍കി വരുന്നത്. തൃശൂര്‍ പെരുമ്പിലാവ് അന്‍സാര്‍ കാമ്പസില്‍ നടന്ന ഈ വര്‍ഷത്തെ മീറ്റ് എസ്ഐഒ സംസ്ഥാന പ്രസിഡന്റ് നഹാസ് മാള ഉദ്ഘാടനം ചെയ്തു. സമൂഹത്തോടുള്ള പ്രതിബദ്ധത നിര്‍വഹിക്കേണ്ട സന്ദര്‍ഭത്തിലും സാമൂഹികാവസ്ഥ കൂടെ പരിഗണിക്കേണ്ട സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നത്. ഉന്നത വിദ്യാഭ്യാസം നേടുന്നതോടെ സമൂഹത്തോടുള്ള പ്രതിബദ്ധത വിസ്മരിക്കുന്നവരുടെയും ധാര്‍മികത നഷ്ടപ്പെട്ടവരുടെയും കൂട്ടത്തിലാവരുത് വിദ്യാര്‍ഥികളുടെ സ്ഥാനമെന്ന് അദേഹം പറഞ്ഞു.

സ്കിഫ് എക്സിക്യൂട്ടീവ് അംഗം സി.പി. മുസ്തഫ വിദ്യാര്‍ഥികളുമായി സംസാരിച്ചു. 37 വര്‍ഷത്തിലധികമായി വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യ മേഖലയില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തികൊണ്ടിരിക്കുന്ന സ്കിഫിന്റെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദേഹം വിശദീകരിച്ചു.

സംഗമത്തില്‍ ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അംഗം വി.ടി. അബ്ദുള്ള കോയ തങ്ങള്‍, സലിം മമ്പാട്, എസ്ഐഒ സംസ്ഥാന സെക്രട്ടറി ഷബീര്‍ കൊടുവള്ളി എന്നിവര്‍ വിദ്യാര്‍ഥികള്‍ക്കായി വിവിധ വിഷയങ്ങളില്‍ ക്ളാസുകള്‍ എടുത്തു. എസ്ഐഒ സംസ്ഥാന സെക്രട്ടറി ലിംഷിര്‍ അലി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്കിഫ് മുന്‍ പ്രസിഡന്റ് കെ.വി. മുഹമ്മദ് സ്കോളര്‍ഷിപ്പ് വിതരണം നിര്‍വഹിച്ചു. കുഞ്ഞിബാപ്പു പെരുമ്പിലാവ്, സ്കിഫ് കോഓര്‍ഡിനേറ്റര്‍ അബ്ദുല്‍ റഹീം, ഫൈസല്‍ വയനാട്, റിഷാല്‍, ഷാന്‍ മടത്തറ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

സംഗമത്തില്‍ എണ്‍പത്തിയാറ് വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് തുക വിതരണം ചെയ്തു. സംഗമത്തില്‍ നല്‍കുന്ന പഠന ബോധവത്കരണ ക്ളാസുകള്‍ വിദ്യാര്‍ഥികളില്‍ ധാര്‍മിക അവബോധവും സാമൂഹ്യ സേവന വികാരവും പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കാറുള്ളതെന്നും സ്കിഫ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ മങ്ങാട്ടില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം