എസ്എംസിസി ദേശീയ ഉപന്യാസ മത്സര വിജയി ആര്യ ആനന്ദിന് അവാര്‍ഡ് നല്കി
Wednesday, December 30, 2015 6:10 AM IST
ലോസ്ആഞ്ചലസ്: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ്, നോര്‍ത്ത് അമേരിക്കയുടെ (എസ്എംസിസി) നേതൃത്വത്തില്‍ നടന്ന ദേശീയ ഉപന്യാസ മത്സരത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ വിജയിച്ച ആര്യ ആനന്ദ് കുഴിമറ്റത്തിന് അവാര്‍ഡ് നല്‍കി ആദരിച്ചു.

കാലിഫോര്‍ണിയയിലെ സാന്റാഅന്നയിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് പള്ളി ഇടവകാംഗമാണു ആര്യ ആനന്ദ് കുഴിമറ്റം. ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഇടവക വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴിയില്‍ നിന്നും സര്‍ട്ടിഫിക്കറ്റും കാഷ് അവാര്‍ഡും സ്വീകരിച്ചു.

ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് രൂപതയുടെ കീഴിലുള്ള പള്ളികളിലും മിഷനുകളിലും നിന്നായി വളരെയധികം കുട്ടികള്‍ ഉപന്യാസ മത്സരത്തില്‍ പങ്കെടുത്തിരുന്നു. സ്കൂള്‍, കോളജ് വിദ്യാര്‍ത്ഥികളെ തരംതിരിച്ചാണ് മത്സരം സംഘടിപ്പിച്ചത്. എസ്.എം.സി.സി ദേശീയ കമ്മിറ്റി അംഗവും പിആര്‍ഒയുമായ ജയിംസ് കുരീക്കാട്ടില്‍ മത്സരങ്ങളുടെ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു.

എസ്എംസിസി സാന്റാ അന്നാ ചാപ്റ്റര്‍ പ്രസിഡന്റ് ജോണ്‍സണ്‍ വണ്ടനാംതടത്തില്‍, വൈസ് പ്രസിഡന്റ് ജിമ്മി കീഴാരം, ദേശീയ വൈസ് പ്രസിഡന്റ് മാത്യു കൊച്ചുപുരയ്ക്കല്‍, ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ എന്നിവര്‍ ആര്യയെ അഭിനന്ദിച്ചു.

ഇടവക കൈക്കാരന്മാരായ ബിജു ആലുംമൂട്ടിലും, ബൈജു വിതയത്തിലും ആര്യയുടെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.

ലോസ്ആഞ്ചലസില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരായ കോതമംഗലം ഊന്നുകല്‍ കുഴിമറ്റത്തില്‍ ആനന്ദ്- ഏയ്ഞ്ചല്‍ ദമ്പതികളുടെ പുത്രിയാണ് ആര്യ. ഭാവ്യ സഹോദരിയാണ്. മൂവാറ്റുപുഴ നിര്‍മ്മല കോളജ് അദ്ധ്യാപകനായിരുന്ന പ്രൊഫ. കെ.വി. ജോസഫ് കുഴിമറ്റത്തിന്റെ പൌത്രിയാണ് ആര്യ ആനന്ദ്. ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം