ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്തായുടെ വിയോഗത്തില്‍ എക്യുമെനിക്കല്‍ പ്രസ്ഥാനം അനുശോചിച്ചു
Tuesday, December 29, 2015 9:40 AM IST
ന്യൂയോര്‍ക്ക്: കാലം ചെയ്ത, മലങ്കര മാര്‍ത്തോമ സിറിയന്‍ സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്തായുടെ വിയോഗത്തില്‍ എക്യുമെനിക്കല്‍ പ്രസ്ഥാനം അനുശോചിച്ചു.

സഭയ്ക്കും എക്യുമെനിക്കല്‍ പ്രസ്ഥാനത്തിനും മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത നല്‍കിയ സേവനങ്ങള്‍ക്ക് വേള്‍ഡ് കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ് (ഡബ്ള്യുസിസി) ജനറല്‍ സെക്രട്ടറി റവ. ഡോ. ഒലവ് ഫിക്സെ ട്വീറ്റ് ആദരങ്ങള്‍ നേര്‍ന്നു. എക്യുമെനിക്കല്‍ പ്രസ്ഥാനവുമായി തിരുമേനിക്കുള്ള ദീര്‍ഘകാല ബന്ധം അദ്ദേഹത്തിന്റെ ശക്തവും ആത്മാര്‍ഥവുമായ അര്‍പ്പണബോധമാണ് വെളിവാക്കുന്നത്-റവ. ഡോ. ഒലവ് അനുസ്മരിച്ചു.

കാന്‍ബറ, ഹരാരെ, പോര്‍ട്ടോ അലെഗ്രെ, ബുസാന്‍ ഡബ്ള്യുസിസി അസംബ്ളികളിലെല്ലാം തിരുമേനി പങ്കെടുത്തിരുന്നു. ഡബ്ള്യുസിസിയുടെ കേന്ദ്ര, എക്സിക്യൂട്ടീവ് കമ്മിറ്റികളില്‍ രണ്ടുതവണ (1991-98, 1999-2006) അംഗമായിരുന്നു. ഡബ്ള്യുസിസിയിലെ ഓര്‍ത്തഡോക്സ് പങ്കാളിത്തത്തെക്കുറിച്ച് സ്പെഷല്‍ കമ്മീഷനിലും ഡബ്ള്യുസിസി ഏഷ്യ റീജണല്‍ ഗ്രൂപ്പിലും ഡബ്ള്യുസിസി-സിസിഎ (ക്രിസ്റ്യന്‍ കോണ്‍ഫറന്‍സ് ഓഫ് ഏഷ്യ) ജോയിന്റ് വര്‍ക്കിംഗ് ഗ്രൂപ്പിലും അംഗമായിരുന്നു. വിവിധ എക്യുമെനിക്കല്‍ പാസ്ററല്‍ സന്ദര്‍ശനങ്ങളില്‍ ഡബ്ള്യുസിസിയെ പ്രതിനിധീകരിച്ചു.

സമാധാനപൂര്‍ണമായൊരു ലോകത്തെ ലക്ഷ്യമിട്ട് ക്രിസ്റ്യന്‍ സഭകളുടെ ഐക്യത്തിനായി പ്രവര്‍ത്തിക്കുന്ന ഡബ്ള്യുസിസി 1948ലാണ് രൂപംകൊണ്ടത്. 345 സഭകളിലെ 550 മില്യന്‍ ക്രൈസ്തവര്‍ക്കൊപ്പം റോമന്‍ കാത്തലിക് ചര്‍ച്ചുമായി ചേര്‍ന്നാണു ഡബ്ള്യുസിസിയുടെ പ്രവര്‍ത്തനം.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍