ഉംറ തീര്‍ഥാടകരുടെ ബസ് അപകടത്തില്‍പെട്ട് മൂന്നുപേര്‍ മരിച്ചു
Tuesday, December 29, 2015 6:51 AM IST
പട്ടാമ്പി: ദമാമില്‍നിന്ന് ഉംറയ്ക്കു പുറപ്പെട്ട തീര്‍ഥാടകസംഘം സഞ്ചരിച്ച ബസും കണ്െടയ്നര്‍ ലോറിയും കൂട്ടിയിടിച്ചു മൂന്നുപേര്‍ മരിച്ചതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. നാല്പതോളം പേരുള്‍പ്പെടുന്ന സംഘത്തിലെ 35 പേര്‍ക്കു പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.

ഉംറ സംഘത്തിന്റെ അമീര്‍ തൃത്താല പരുതൂര്‍ ചെമ്പുലങ്ങാട് ഇയ്യംമടയ്ക്കല്‍ മുഹമ്മദിന്റെ മകന്‍ കബീര്‍ സഖാഫി(36), മലപ്പുറം കോടൂര്‍ സ്വദേശി കോടൂര്‍ കുഞ്ഞാന്‍ (സെയ്തലവി 54), ബസ് ഡ്രൈവര്‍ മംഗലാപുരം സ്വദേശി ഷൌക്കത്ത് (37) എന്നിവരാണ് മരിച്ചത്. കബീര്‍ സഖാഫിയും സെയ്തലവിയും സംഭവസ്ഥലത്തും ബസ് ഡ്രൈവര്‍ ഷൌക്കത്ത് റിയാദ് ഷുമൈസി ആശുപത്രിയിലുമാണ് മരിച്ചത്. അടുത്ത ദിവസം നാട്ടിലേക്കു തിരിക്കാനുള്ള തയാറെടുപ്പിലായിരുന്നു ബസ് ഡ്രൈവര്‍ ഷൌക്കത്ത്.

മലപ്പുറം കോടൂര്‍ സ്വദേശി സെയ്തലവി സന്ദര്‍ശക വിസയില്‍ പത്തു ദിവസം മുമ്പാണ് കുടുംബസമേതം സൌദിയിലെത്തിയത്. സെയ്തലവിയുടെ ഭാര്യയും മകനും സഹോദരന്മാരും ഉള്‍പ്പെടെ 15 പേരും ഉംറ സംഘത്തിലുണ്ടായിരുന്നു. റിയാദില്‍നിന്ന് 170 കിലോമീറ്റര്‍ അകലെ ദമാം - റിയാദ് ഹൈവേയില്‍ ചെക്ക്പോയിന്റ് ജിദൂദ് എന്ന സ്ഥലത്തു ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.

ദമാമില്‍നിന്നുള്ള നജ്മ ഹജ് ആന്‍ഡ് ഉംറ ഗ്രൂപ്പില്‍ യാത്ര തിരിച്ച സംഘം സഞ്ചരിച്ച ബസ് കണ്െടയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

മരിച്ച കബീര്‍ സഖാഫി രിസാല സ്റഡി സര്‍ക്കിള്‍ (ആര്‍.എസ.്സി) സൌദി നാഷണല്‍ എക്സിക്യുട്ടീവ് അംഗമാണ്. എസ്എസ്എഫ് പാലക്കാട് ജില്ലാ ഉപാധ്യക്ഷന്‍, പട്ടാമ്പി ഡിവിഷന്‍ കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏഴുമാസം മുന്‍പാണ് നാട്ടില്‍ വന്നുപോയത്. മൂന്നു പേരുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു കബറടക്കം നടത്തുമെന്നു ബന്ധുക്കള്‍ അറിയിച്ചു. കബീര്‍ സഖാഫിയുടെ ഭാര്യ: റംല. മക്കള്‍ : മുഹമ്മദ് ഉനൈസ്, മുഹമ്മദ് സ്വാലിഹ്, ഫാത്തിമ ഹന്നത്ത്, ഫാത്തിമ ഹാല. മാതാവ്: ആമിന.