ഡോ.സഖറിയാസ് മാര്‍ തെയോഫിലോസിന്റെ വേര്‍പാടില്‍ പ്രാര്‍ഥനാ നിരതരായി ഒമാനിലെ വിശ്വാസി സമൂഹം
Monday, December 28, 2015 10:25 AM IST
മസ്കറ്റ്: മാര്‍ത്തോമാ സഭയുടെ ചെങ്ങന്നൂര്‍ മാവേലിക്കര ഭദ്രാസനാധിപന്‍ കാലം ചെയ്ത ഡോ.സഖറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്തായുടെ വേര്‍പാടില്‍ ഒമാനിലെ വിശ്വാസികള്‍ വേദനയോടെ തിരുമേനിക്കു വേണ്ടി പ്രാര്‍ഥനകള്‍ നടത്തുന്നു.

തന്റെ വിശ്വാസ ജീവിതത്തിലെ അവസാന ദിവസങ്ങളില്‍ അദ്ദേഹം ഒമാന്റെ വിവിധ പ്രദേശങ്ങളിലാണ് തിരുക്കര്‍മങ്ങള്‍ക്ക് കാര്‍മികനായത്. ക്രിസ്മസ് ദിനം രാവിലെ റുവി മാര്‍ത്തോമ പള്ളിയില്‍ വലിയൊരു വിശ്വാസി സമൂഹത്തിന് അദ്ദേഹം തന്നെ വിശുദ്ധ കുര്‍ബാന നല്‍കുവാന്‍ ക്ഷീണത്തെ അവഗണിച്ച് മുന്നിട്ടിറങ്ങി.

സോഹാര്‍, സലാല, ഗാല, റുവി മാര്‍ത്തോമ പള്ളികളില്‍ അദ്ദേഹം തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കുകയും വിശ്വാസ സമൂഹത്തെ കാണുകയും ചെയ്തു. തിരുമേനിയുടെ ആത്മ ശാന്തിക്കായി വിവിധ പ്രാര്‍ഥനാ സമൂഹങ്ങള്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടത്തി.

25 നു രാത്രിയുള്ള ജെറ്റ് എയര്‍വേയ്സ് വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് പോയ അദ്ദഹത്തെ മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാണ് വിമാനത്തില്‍ നിന്നും കിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.റുവി അസിസ്റന്റ് വികാരി റവ. ജാക്സണ്‍ ജോസഫ് അനുഗമിച്ചിരുന്നു.കബറടക്ക ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ റുവി പള്ളി വികാരി റവ. ഏബ്രഹാം തോമസും ഗാലാ പള്ളി വികാരി സജി കോശിയും നാട്ടിലേക്ക് പോയിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ പത്തിന് സഭാ ആസ്ഥാനമായ സെന്റ് തോമസ് പള്ളിയിലെ സിമിത്തേരിയില്‍ കബറടക്കം നടക്കും. സഭയുടെ പരമാധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മികത്വത്തിലാണ് ശുശ്രൂഷകള്‍.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം