ഫ്രെയിം വണ്‍ മീഡിയയും മീഡിയ പല്‍സും ഒരുക്കുന്ന 'വെല്‍ക്കം 2016' ഡിസംബര്‍ 31ന്
Monday, December 28, 2015 8:26 AM IST
ദോഹ: സാമൂഹ്യ, സാംസ്കാരിക രംഗങ്ങളില്‍ അസഹിഷ്ണുതയും അരക്ഷിതാവസ്ഥയും അശാന്തി വിതറുമ്പോള്‍ പ്രവാസി മനസുകളില്‍ ശാന്തിയുടെ സന്ദേശം വിതറി സംഗീതം സാമൂഹ്യ സൌഹാര്‍ദത്തിന് എന്ന ആശയവുമായി ഫ്രെയിം വണ്‍ മീഡിയയും മീഡിയ പല്‍സും രംഗത്ത്.

ഡിസംബര്‍ 31ന് (വ്യാഴം) ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അശോക ഹാളില്‍ സംഗീത നിശ അരങ്ങേറുക.

സഹൃദയര്‍ക്ക് അവിസ്മരണീയമായ അനുഭവമാകുന്ന ഈ സംഗീത നിശ 'വെല്‍ക്കം 2016' ദോഹയില്‍ നടക്കുന്ന ഇത്തരത്തിലുള്ള ആദ്യ പരിപാടിയായിരിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

കലണ്ടറുകള്‍ മറിയുമ്പോള്‍ ജീവിതത്തിന്റെ വിലപ്പെട്ട ഒരു വര്‍ഷം കഴിയുന്നുവെന്ന തിരിച്ചറിവ് നല്‍കുന്നതോടൊപ്പം പുതിയ വര്‍ഷത്തെ മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സ്നേഹത്തിന്റെ വാടാമലരുകള്‍ വിരിയിക്കുവാന്‍ പ്രയോജനപ്പെടുത്തി സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വം സാധ്യമാക്കുവാനുള്ള സോദ്ദേശ്യ പരിശ്രമമാണ് ഇതെന്നു പറഞ്ഞു.

കേരളത്തിനകത്തും പുറത്തും നിരവധി സ്റേജ് ഷോകളിലൂടെ ആസ്വാദകര്‍ക്ക് പ്രിയങ്കരരായ സജില സലിം, മന്‍സൂര്‍, ദോഹയിലെ ഗായക നിരയില്‍ നിന്നും മുഹമ്മദലി വടകര, ഷക്കീര്‍ പാവറട്ടി, വിനോദ്, ഹാദിയ സക്കരിയ, നൌഷി എന്നിവരാണു തെരഞ്ഞെടുത്ത ഗാനങ്ങള്‍ അവതരിപ്പിക്കുക.

വാര്‍ത്താസമ്മേളനത്തില്‍ മീഡിയ പ്ളസ് സിഇഒ അമാനുല്ല വടക്കാങ്ങര, ഫ്രെയിം വണ്‍ മീഡിയ മാനേജര്‍ ഇ.പി. ബിജോയ് കുമാര്‍, മന്‍ഹല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മുഹമ്മദ് സാദിഖ്, ക്യൂ എഷ്യ ഡെവലപ്മെന്റ് സിഇഒ സി.പി.എ. ജലീല്‍, ഫയര്‍ ഫ്ളോ ടെക്നിക്കല്‍ സര്‍വീസസ് ആന്‍ഡ് ട്രേഡിംഗ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ ഒ. സജീവ്, ക്യൂ എഷ്യ ഡെവലപ്മെന്റ് ഓപ്പറേഷന്‍സ് മാനേജര്‍ സി.കെ. സിറാജ്, മീഡിയ പ്ളസ് മാര്‍ക്കറ്റിംഗ് കോഓര്‍ഡിനേറ്റര്‍ അബ്ദുല്‍ ഫതാഹ് നിലമ്പൂര്‍ എന്നിവരും പങ്കെടുത്തു.

വിവരങ്ങള്‍ക്ക്: 44324853, 55711415.